ഉത്തര്‍പ്രദേശില്‍ എസ്‍പിയിലെ കുടുംബപോരിന് പരിഹാരമാകുന്നു
ഉത്തര്‍പ്രദേശില്‍ എസ്‍പിയിലെ കുടുംബപോരിന് പരിഹാരമാകുന്നു
സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് സഹോദരന്‍ ശിവപാല്‍ യാദവുമായും മകന്‍ അഖിലേഷ് യാദവുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തുറന്നത്.
ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കുടുംബപോരിന് പരിഹാരമാകുന്നു. സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് സഹോദരന്‍ ശിവപാല്‍ യാദവുമായും മകന്‍ അഖിലേഷ് യാദവുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തുറന്നത്.
മന്ത്രിപദവിയിലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തും ശിവപാല്‍യാദവ് തുടരുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു. മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറ നീക്കി പുറത്ത് വന്നതോടെയാണ് മുലായം സിങ് യാദവ്‍ പ്രശ്നത്തിലിടപെട്ടത്. ഇരുവരുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് മുലായം സിങ് യാദവ് പ്രശ്നം പരിഹരിച്ചത്. പ്രശ്നങ്ങള്‍ക്ക് കാരണമായ ശിവ്പാലില്‍ നിന്ന് നീക്കം ചെയ്ത പൊതുമരാമത്ത് - ജലസേചന - സഹകരണ വകുപ്പുകള്‍ തിരിച്ചു നല്‍കും. ഇതിനാല്‍തന്നെ സംസ്ഥാന മന്ത്രിസഭാംഗത്വവും പാര്‍ട്ടി അംഗത്വ സ്ഥാനവും രാജിവെക്കുകയാണെന്ന് കാണിച്ച് ശിവ്പാല്‍ യാദവ് നല്‍കിയ കത്ത് തള്ളി. മന്ത്രി സഭയില്‍ നിന്നും രാജിവെച്ച ശിവ്പാല്‍ യാദവിന്റെ ഭാര്യയെ തിരിച്ചെടുക്കാനും മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ച അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന് അധികാരം നല്‍കണമെന്ന നിലപാടാണ് അറിയിച്ചിട്ടുള്ളത്. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിക്കപ്പെട്ടെന്നും എല്ലാം ശുഭമാണെന്നുമാണ് ചര്‍ച്ചകള്‍ക്ക് ശേഷം മുലായം സിങ് പ്രതികരിച്ചത്. ഇക്കാര്യം അഖിലേഷ് യാദവും, ശിവ്പാല്‍ യാദവും ശരിവെച്ചിട്ടുമുണ്ട്.
Adjust Story Font
16