Quantcast

മലേഗാവ് സ്ഫോടനം: മുസ്‍ലിം യുവാക്കള്‍ മോചിതരായത് ക്രൂരപീഡനത്തിനൊടുവില്‍

MediaOne Logo

admin

  • Published:

    22 May 2018 11:06 PM GMT

മലേഗാവ് സ്ഫോടനം: മുസ്‍ലിം യുവാക്കള്‍ മോചിതരായത് ക്രൂരപീഡനത്തിനൊടുവില്‍
X

മലേഗാവ് സ്ഫോടനം: മുസ്‍ലിം യുവാക്കള്‍ മോചിതരായത് ക്രൂരപീഡനത്തിനൊടുവില്‍

മലേഗാവ് സ്ഫോടന കേസില്‍ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ട എട്ട് മുസ്ലിം യുവാക്കള്‍ക്കും അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം പോലും ലഭിച്ചത്

മലേഗാവ് സ്ഫോടന കേസില്‍ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ട എട്ട് മുസ്ലിം യുവാക്കള്‍ക്കും അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം പോലും ലഭിച്ചത്. സ്ഫോടനത്തില്‍ ഇവര്‍ കുറ്റക്കാരാണെന്നാണ് ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡും പിന്നീട് സിബിഐയും പറഞ്ഞത്. എന്നാല്‍ പിന്നീട് കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഝോത എക്സ്‍പ്രസ് സ്ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദിന്റെ മൊഴിയാണ് എന്‍ഐഎ അന്വേഷണത്തില്‍ വഴിത്തിരിവായത്.

മലേഗാവ് സ്ഫോടനക്കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് കേസില്‍ പ്രതികളെന്ന് ആരോപിച്ച് 9 മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സിമി പ്രവര്‍ത്തകരാണെന്നും ലഷ്കറെ ത്വയ്ബയുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയതെന്നും ഭീകരവാദ വിരുദ്ധ സ്ക്വാഡ് പറഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരാളായ ഷാബ്ബിര്‍ അഹമ്മദ് വിചാരണത്തടവുകാലത്ത് മരിച്ചു. 80 ദിവസത്തോളം തന്നെ ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയനാക്കിയെന്നും വ്യാജ കുറ്റസമ്മത മൊഴിയില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിച്ചുവെന്നും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരാളായ നൂറുല്‍ ഹുദ പറഞ്ഞു. കേസ് പിന്നീട് സിബിഐയ്ക്ക് വിട്ടെങ്കിലും ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തലുകള്‍ ശരിവെയ്ക്കുകയാണ് സിബിഐ ചെയ്തത്.

പിന്നീട് 2011ല്‍ കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇവര്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതും അഭിനവ് ഭാരതി എന്ന സംഘടനയുടെ പ്രവര്‍ത്തകരെ മലേഗാവ് സ്ഫോടനത്തിലെ പ്രതികളായി അറസ്റ്റ് ചെയ്തതും. സംഝോത സ്ഫോടനക്കേസിലെ പ്രതിയായ സ്വാമി അസീമാനന്ദ രണ്ട് സ്ഫോടനങ്ങള്‍ക്ക് പിറകിലും ഒരേ സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. പക്ഷേ പിന്നീട് തന്റെ കുറ്റസമ്മതം അസിമാനന്ദ റദ്ദാക്കിയിട്ടുണ്ട്. സ്ഫോടനക്കേസില്‍ ഇപ്പോള്‍ കോടതി കുറ്റവിമുക്തരാക്കിയ യുവാക്കള്‍ക്ക് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നതിനെതിരെ നിരവധി പേര്‍ പ്രതികരിച്ചു. എന്നാല്‍ എന്‍ഐഎ അന്വേഷണം പൂര്‍ണമല്ലെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

എന്തായാലും ഭീകരവാദക്കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെയും അതിന്റെ രാഷ്ട്രീയത്തെയുമെല്ലാം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമാക്കുകയാണ് മലേഗാവ് സ്ഫോടനക്കേസിലെ കോടതിയ ഉത്തരവ്.

TAGS :

Next Story