ചിദംബരത്തിന്റെ കശ്മീര്‍ നിലപാടിനെ വിമര്‍ശിച്ച് ബിജെപി
ചിദംബരത്തിന്റെ കശ്മീര്‍ നിലപാടിനെ വിമര്‍ശിച്ച് ബിജെപി
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത്.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത്. മുസ്ലീങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ചിദംബരത്തിന്റേതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ചിദംബരത്തിന്‍റെ ശ്രമം അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം തീവ്രദേശീയവാദികളുടെ നടപടികളാണെന്നും സൈനിക നടപടി പരിഹാരമല്ല എന്നുമായിരുന്നു ചിദംബരം കഴിഞ്ഞ ദിവസമെഴുതിയ ലേഖനത്തിലെടുത്ത നിലപാട്.
ദാദ്രിയിലും ജെഎന്‍യുവിലും കത്തിച്ച തീയാണ് ശ്രീനഗറിലും എത്തിയിരിക്കുന്നതെന്നായിരുന്നു മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇന്നലെ ഇന്ത്യന്‍ എക്സ്‍പ്രസില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചത്. സൈനിക നടപടി കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തനിക്കത് ബോധ്യപ്പെട്ടതാണ്. കശ്മീരിലെ സൈനിക സാന്നിധ്യം കുറക്കാനും പ്രത്യേക സേനാധികാര നിയമം ഭേദഗതി ചെയ്യാനും വാദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മതവും സംസ്കാരവും ചരിത്രവും കൂട്ടിയിണക്കിയാണ് കശ്മീരികള്‍ തങ്ങളുടെ പോരാട്ടത്തെ കാണുന്നത്. പുറത്തുള്ളവര്‍ ഭരണഘടനയുടെ കണ്ണിലൂടെയും. തങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കശ്മീരികള്‍ക്ക് പൂര്‍ണമായും തോന്നുമ്പോള്‍ മാത്രമേ പ്രശ്നപരിഹാരമാകൂ എന്നും അദ്ദേഹം പറയുന്നു. ചിദംബരത്തിന്റേത് മുസ്ലീങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമമാണെന്നായിരുന്നു ഇതോട് ബിജെപിയുടെ പ്രതികരണം. തങ്ങള്‍ക്ക് ഒരു മതമേയുള്ളൂവെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദുസംസ്കാരത്തിന്റെ തന്നെ ഭാഗമാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സിഖ്, അസം, മിസോ, നാഗ തുടങ്ങിയ ജനവിഭാഗങ്ങളോട് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച സമാധാന ഉടമ്പടികള്‍ കശ്മീരികളോടും സ്വീകരിക്കണമെന്നും ചിദംബംരം എഴുതിയിരുന്നു. കശ്മീരിലെ സൈനിക നടപടി സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉപയോഗിക്കൂ. കശ്മീരിന്റെ കാര്യത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ സംഘര്‍ഷം കുറക്കാന്‍ കാരണമാക്കിയതായും ചിദംബരം കണക്കുകള്‍ നിരത്തി ലേഖനത്തില്‍ വാദിച്ചിരുന്നു. ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ ടീമിനെ പിന്തുണക്കുന്നതും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വിഘടനവാദികളെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും അവിടെ സാധാരണമാണെന്നും അമിത ദേശീയത അടിച്ചേല്‍പ്പിക്കുന്നത് ആപത്താണെന്നും ചിദംബരം ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ചിദംബരത്തിന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചിദംബരത്തിന് കശ്മീരിന്റെ യാഥാര്‍ത്ഥ്യം അറിയാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിന്റെ പ്രതികരണം.
Adjust Story Font
16