Quantcast

തമിഴ്‍നാട്ടില്‍ ഭരണപ്രതിസന്ധി പരിഹരിക്കുന്നതില്‍ തീരുമാനമായില്ല

MediaOne Logo

Sithara

  • Published:

    25 May 2018 1:32 PM GMT

തമിഴ്‍നാട്ടില്‍ ഭരണപ്രതിസന്ധി പരിഹരിക്കുന്നതില്‍ തീരുമാനമായില്ല
X

തമിഴ്‍നാട്ടില്‍ ഭരണപ്രതിസന്ധി പരിഹരിക്കുന്നതില്‍ തീരുമാനമായില്ല

ഉപമുഖ്യമന്ത്രിയെ നിയമിക്കാനോ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനോ ആലോചനയുണ്ടെങ്കിലും ഇനിയും തീരുമാനമെടുക്കാനായിട്ടില്ല.

മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ ചികിത്സയിലായതോടെ രൂപപ്പെട്ട ഭരണ പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ എഐഡിഎംകെ നേതൃത്വം. ഉപമുഖ്യമന്ത്രിയെ നിയമിക്കാനോ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനോ ആലോചനയുണ്ടെങ്കിലും ഇനിയും തീരുമാനമെടുക്കാനായിട്ടില്ല. മുഖ്യമന്ത്രി തീവ്രപരിചരണ വിദഗ്ധരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ തുടരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടിയിലും സര്‍ക്കാറിലും പരമോന്നത നേതാവായ ജയലളിതയുടെ ആശുപത്രി വാസം 16 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനം നാഥനില്ലാത്ത സ്ഥിതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ പകരം സംവിധാനമുണ്ടാക്കണമെന്നാണ് പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെടുന്നത്. എന്നാല്‍ പകരം ആളെ നിയമിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് കൈമാറുന്ന കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എഐഡിഎംകെ നേതൃത്വം.

സാധാരണ ഗതിയില്‍ ആഴ്ചയിലൊരിക്കല്‍ മാത്രം ഇവിടെയെത്താറുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒരാഴ്ചയിലേറെയായി ഇവിടെ തങ്ങുന്നത് കേന്ദ്രവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗൌരവത്തോടെ കാണുന്നതിന്റെ സൂചനയാണ്. ജയലളിത തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നുവെന്നാണ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ആശുപത്രി വ്യക്തമാക്കുന്നത്. ശ്വസന സഹായിയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുണ്ടെന്നറിയിക്കുന്ന വാര്‍ത്താകുറിപ്പില്‍ പക്ഷെ, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന പതിവു വാചകമില്ല. കൂടുതല്‍ പ്രമുഖ നേതാക്കള്‍ ജയയെ കാണാന്‍ വരുംദിവസങ്ങളില്‍ ആശുപത്രിയിലെത്തിയേക്കും.

TAGS :

Next Story