Quantcast

ദലിത് വിദ്യാര്‍ഥിയുടെ മരണം: കേന്ദ്രമന്ത്രിക്കും വിസിക്കുമെതിരെ കേസ്

MediaOne Logo

admin

  • Published:

    28 May 2018 11:31 PM GMT

ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാല കാമ്പസില്‍ പ്രക്ഷോഭത്തിലായിരുന്നു

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ധാരുദത്താത്രേയക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം സൈബറാബാദ് പൊലീസ് കേസെടുത്തു. നേരത്തെ പ്രേരണാകുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. രോഹിത്തിന്റെ മൃതദേഹം ഹൈദരാബാദില്‍ സംസ്കരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു.

രോഹിത് വെമുലയുടെ മരണത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവു പോഡിലെയെയും കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയയെയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ മുതല്‍ രോഹിതിന്റെ മൃതദേഹവുമായി വിദ്യാര്‍ഥികള്‍ സര്‍വകലാശാല കാമ്പസില്‍ പ്രക്ഷോഭത്തിലായിരുന്നു. രോഹിത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ മാനവിഭവ ശേഷി മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബംഗാരു ദത്താത്രേയയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രേരണാക്കുറ്റം ചുമത്തി വിസിക്കും ദത്താത്രേയക്കുമെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, ‍ഡല്‍ഹിയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നിലും വിദ്യാര്‍ഥികള്‍ പ്രക്ഷോഭമാരംഭിച്ചതോടെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ദത്താത്രേയക്കും വൈസ് ചാന്‍സലര്‍ക്കുമെതിരെ സൈബറാബാദ് പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ, പ്രക്ഷോഭമവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ രോഹിത്തിന്റെ മൃതദേഹം സംസ്കരിക്കാനായി കാമ്പസില്‍ നിന്ന് കൊണ്ടുപോയി. ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ നിലപാടാണ് സംഭവത്തില്‍ നിന്ന് വ്യക്തമാവുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പൊലീസ് ലാത്തി വീശി

പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ക്രമസമാധാന പ്രശ്നത്തിന് പൊലീസ് കേസെടുത്തു. കാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ വൈകീട്ടാണ് സസ്പെന്‍ഷനിലായിരുന്ന ഗവേഷക വിദ്യാര്‍ഥി രോഹിത് ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ജീവനൊടുക്കിയത്. പുലര്‍ച്ചെ ആറ് മണിയോടെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പിന്നീട് വിട്ടയച്ചു. ജാതീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ രോഹിത് അടക്കം അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ നേതാക്കളായ അഞ്ച് ഗവേഷക വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്തിരുന്നു. ആദ്യ അന്വേഷണ സമിതി ഇവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥികളെ സസ്പെന്‍റ് ചെയ്തതെന്ന് ആരോപണമുണ്ട്. സസ്പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാര്‍ഥികള്‍ രാപ്പകല്‍ നിരാഹാര സമരത്തിലായിരുന്നു.

TAGS :

Next Story