യുപിയില്‍ ബിജെപിക്കെതിരെ എസ്‍പിയും ബിഎസ്പിയും ഒരുമിക്കുന്നു
യുപിയില്‍ ബിജെപിക്കെതിരെ എസ്‍പിയും ബിഎസ്പിയും ഒരുമിക്കുന്നു
ഗൊരഖ്പൂരിലും ഫുല്‍പൂരിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കും.
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ സഖ്യത്തിന് തുടക്കമിട്ട് സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും. ഗൊരഖ്പൂരിലും ഫുല്‍പൂരിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കും.
"ഫുല്‍പൂര്‍, ഗോരഖ്പൂര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും. കാത്തിരുന്ന ആ തീരുമാനം മായാവതി എടുത്തിരിക്കുന്നു. കൂടുതല്‍ ബൃഹത്തായ ബഹുജന മതേതര സഖ്യം രൂപീകരിച്ച് മത്സരിക്കാന്‍ ആലോചിക്കുന്നു"- എന്നാണ് എസ്പി വക്താവ് പന്‍ഖുരി പതക് ട്വീറ്റ് ചെയ്തത്.
മാര്‍ച്ച് 11നാണ് ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെയാണ് ഗൊരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഫുല്‍പൂരിലാവട്ടെ കേശവ പ്രസാദ് മൌര്യ ഉപമുഖ്യമന്ത്രിയായതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ച് തവണ യോഗി ആദിത്യനാഥ് വിജയിച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍. ബിഎസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ഫുല്‍പൂരില്‍ 2014ല്‍ വിജയിച്ചത് ബിജെപിയാണ്. ഇരു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്പിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് ബിഎസ്‍പിയുടെ തീരുമാനം. എന്നാല്‍ ഈ സഖ്യം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16