Quantcast

മതം,സംസ്കാരം,സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്? പ്രകാശ് രാജ്

MediaOne Logo

Sithara

  • Published:

    29 May 2018 10:57 PM GMT

മതം,സംസ്കാരം,സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്? പ്രകാശ് രാജ്
X

മതം,സംസ്കാരം,സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്? പ്രകാശ് രാജ്

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്.

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. മതം, സംസ്കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണെന്നാണ് പ്രകാശ് രാജിന്റെ ചോദ്യം. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"സദാചാരത്തിന്‍റെ പേരില്‍ കമിതാക്കളെ എന്റെ രാജ്യത്തെ തെരുവില്‍ കയ്യേറ്റം ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍, പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍, ട്രോളുകള്‍ക്കൊപ്പം അപമാനിച്ചും ഭീഷണിപ്പെടുത്തിയും എതിര്‍പ്പിന്റെ ചെറുശബ്ദത്തെ പോലും നിശബ്ദമാക്കുന്നത് തീവ്രവാദമല്ലെങ്കില്‍, പിന്നെ എന്താണ് തീവ്രവാദം? വെറുതെ ചോദിച്ചെന്നേയുള്ളൂ" എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയില്‍ എഴുതിയതിന് പിന്നാലെയാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും കമല്‍ഹാസന്‍ എഴുതി.

അതേസമയം കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു കുറ്റപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസ്, മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും അപമാനിക്കുകയാണ്. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്നും റാവു ആരോപിച്ചു.

പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കമല്‍ ഹാസനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500, 511, 298, 295 (എ), 505 (സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വാരാണസിയിലെ കോടതി നാളെ കേസ് പരിഗണിക്കും.

TAGS :

Next Story