Quantcast

ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു

MediaOne Logo

Khasida

  • Published:

    30 May 2018 1:41 AM GMT

ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു
X

ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു

ജിഎസ്ടി ഉത്പന്നങ്ങളുടെ വിലയെ എങ്ങനെ ബാധിക്കും എന്നതില്‍ അവ്യക്തത

  • രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വന്നു
  • പ്രഖ്യാപനം പാര്‍ലമെന്‍റില്‍ അര്‍ധരാത്രിയില്‍ ചേര്‍ന്ന പ്രത്യേക ചടങ്ങില്‍
  • ഇന്ത്യ പുതിയ ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി
  • പതിനാല് വര്‍ഷത്തെ പരിശ്രമത്തിന് പരിസമാപ്തിയായെന്ന് രാഷ്ട്രപതി
  • ജിഎസ്ടി ഉത്പന്നങ്ങളുടെ വിലയെ എങ്ങനെ ബാധിക്കും എന്നതില്‍ അവ്യക്തത തുടരുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു. ജിഎസ്ടി പ്രഖ്യാപനത്തിനായി പാര്‍ലമെന്‍റില്‍ അര്‍ധരാത്രി ചേര്‍ന്ന പ്രത്യേക ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. പ്രതിപക്ഷം വിട്ടു നിന്നു. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ഒഴികെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി പ്രകാരമുള്ള നികുതിയാണ് ഇന്നു മുതല്‍ ഈടാക്കുക.

ഒരു രാജ്യം ഒരു നികുതി എന്ന സങ്കല്‍പം ഒ‍ടുവില്‍ യാഥാര്‍‌ത്ഥ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംയുക്തമായാണ് ജിഎസ്ടി പ്രബല്യത്തിലായതായി പ്രഖ്യാപിച്ചത്. അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ജിഎസ്ടി യെക്കുറിച്ചുള്ള ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു പ്രഖ്യാപനം.

ഇന്ത്യ പുതിയ ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. പതിനാല് വര്‍ഷത്തെ പരിശ്രമത്തിന് പരിസമാപ്തിയായെന്ന് രാഷ്ട്രപതിയും പറഞ്ഞു. രാജ്യത്തിന്‍റ ഭാവി നിര്‍ണയിക്കുക ജിഎസ്ടി ആയിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.

കെ എം മാണി ഉള്‍പ്പെടെ ജിഎസ്ടി ഉന്നതാധികാര സമിതി ചെയര്‍മാന്‍മാരായിരുന്നവരുടെ സേവനങ്ങളെ ജയ്റ്റ്ലി പ്രശംസിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അമിത് ഷാ, എൽ കെ അദ്വാനി തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിനെത്തി. അമിതാഭ് ബച്ചന്‍, ലതാമങ്കേഷ്കര്‍, രത്തന്‍ ടാറ്റ തുടങ്ങി സിനിമ, സാസ്കാരിക,വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി.

പ്രതിപക്ഷം വിട്ടുനിന്നു:

പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ നടന്ന ജിഎസ്ടി പ്രഖ്യാപന ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളുടെ പരോക്ഷ വിളംബര വേദി കൂടിയായിരുന്നു. ജിഎസ്ടിയെ എന്‍ഡിഎ സര്‍ക്കാര്‍ നേട്ടമായി ചിത്രീകരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറന്നില്ല. ഭഗവത് ഗീതയിലെ അധ്യായങ്ങളെ പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

11 മണിക്കായിരുന്നു ജിഎസ്ടി പ്രഖ്യാപന ചടങ്ങ് തുടങ്ങിയത്. ദേശീയ ഗാനത്തിന് ശേഷം ചരിത്രത്തിലാദ്യമായി പാര്‍ലമെന്‍റില്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴങ്ങി.

ജിഎസ്ടി നടപ്പാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് 18 തവണ ജിഎസ്ടി കൌണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനെ ഭഗവത് ഗീതയിലെ അധ്യായങ്ങളോടുപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ജിഎസ്ടി പ്രഖ്യാപിക്കുന്ന രാത്രിയെ സ്വാതന്ത്ര്യത്തിന്‍റെ അര്‍ധരാത്രിയോട് ചേര്‍ത്ത് പറഞ്ഞ മോദി, പക്ഷേ പ്രസംഗത്തില്‍ നെഹ്റുവിനേക്കള്‍ പ്രധാന്യം നല്‍കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നു. പട്ടേൽ രാജ്യത്തെ ഏകീകരിച്ചതുപോലെ ജിഎസ്ടി സാമ്പത്തികമായി ഏകീകരിച്ചെന്നും മോദി പറഞ്ഞു. വാറ്റ് നടപ്പിലാക്കുക വഴി എന്‍ഡിഎ സര്‍ക്കാരാണ് ജിഎസ്ടിലേക്കുള്ള ആദ്യ വാതില്‍ തുറന്നിട്ടത് എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പരാമര്‍ശം.

എന്താണ് ജിഎസ്ടി?

രാജ്യത്ത് ആകമാനം പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ചതാണു ചരക്കു സേവന നികുതി അഥവാ ജിഎസ്‌ടി. പരോക്ഷ നികുതി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള അധികാരം ഇല്ലാതാകും. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും സര്‍വീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്‌ടിയും സംസ്ഥാന ജിഎസ്‌ടിയും മാത്രമാകും

സംസ്ഥാനങ്ങള്‍ക്കു സേവന മേഖലയിലും കേന്ദ്രത്തിനു ചരക്കു വില്‍പ്പനയിലും നികുതി ഈടാക്കാന്‍ കഴിയുമെന്നതാണു ജിഎസ്‌ടി വരുമ്പോഴുണ്ടാകുന്ന മാറ്റം. ഉത്പന്നങ്ങള്‍ക്കുമേല്‍ രാജ്യത്ത് ആകമാനം ഒരേ നികുതിയായതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകില്ല. അതായത് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത വില ചുമത്താന്‍ കഴിയില്ല.

രണ്ടു തലത്തിലുള്ള ജി.എസ്.ടി.യാണ് നടപ്പിലാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന കൈമാറ്റത്തിന്‍മേല്‍ കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജിഎസ്ടി എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സ്റ്റേറ്റ് ജിഎസ്ടി എന്നും.

ജിഎസ്ടി വരുന്നതോടെ നിലവിലെ നികുതികളെല്ലാം ഇല്ലാതാകും. എന്നാല്‍ ചില ഉത്പന്നങ്ങളില്‍ നികുതി തുടരും. ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ടാക്സ്, മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതി എന്നിവയാണ് നിലവിലുള്ളതുപോലെ തുടരുക.

വ്യാപാരത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടാമെന്നതാണ് ജിഎസ്‌ടി കൊണ്ടുവരുന്ന പ്രധാന നേട്ടം. ജിഎസ്‌ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും.

എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി, കാര്‍ ബാറ്ററി, പെയിന്‍റ്, സിമന്‍റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും.

ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ നികുതി പിരിക്കാന്‍ കഴിയുമെന്നതിനാല്‍ കേരളത്തിന് വന്‍ നേട്ടം നല്‍കും ജിഎസ്‌ടി. അന്തര്‍ സംസ്ഥാന വിനിമയങ്ങളില്‍ ഏതു സംസ്ഥാനത്താണോ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവിടെ നികുതി നല്‍കിയാല്‍ മതിയെന്ന രീതിയാണു ജിഎസ്‌ടി മുന്നോട്ടുവയ്ക്കുന്നത്.


ഉത്പന്നങ്ങളുടെ വിലയെ ബാധിക്കുന്നതെങ്ങനെ?

ജിഎസ്ടി നടപ്പിലാകുന്നത്, ഉത്പന്നങ്ങളുടെ വിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇനിയും ചിത്രം വ്യക്തമായിട്ടില്ല. കുറഞ്ഞ നികുതി നിശ്ചയിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷയെങ്കിലും അതിന് വ്യാപാരികള്‍കൂടി മനസ്സുവെക്കണം. വിലയുടെ കാര്യത്തിലെ അവ്യക്തത പൂഴ്ത്തിവെപ്പിനിടയാക്കുമെന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പലവിധ നികുതികള്‍ ഒഴിവാക്കി ഒറ്റനികുതിയിലേക്ക് മാറുന്നതോടെ വിലക്കുറവുണ്ടാകണമെന്നാണ് പൊതുവെയുള്ള വെയ്പ്പ്. ചരക്കുനീക്കത്തിലുള്ള സങ്കീര്‍ണതകളും കാലതാമസവുമൊക്കെ നീങ്ങുന്നതും വിലയില്‍ പ്രതിഫലിക്കണം.

ജിഎസ്ടിയുടെ ഏറ്റവും പ്രധാന പ്രത്യേകതയാണ് ഇന്‍പുട് ടാക്സ് ക്രെഡിറ്റ്. ഒരു ഉല്‍പ്പന്നത്തിന് അസംസ്കൃത പദാര്‍ഥം ശേഖരിക്കുന്നത് തൊട്ട് വിപണിയിലെത്തുന്നതുവരെ ഓരോ ഘട്ടത്തിലും ആവര്‍ത്തിച്ച് നികുതി ചുമത്തപ്പെടുന്നത് ഒഴിവാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.അഥവാ ചുമത്തപ്പെട്ടാല്‍ തിരിച്ചുപിടിക്കാം. പക്ഷെ, ഇതൊക്കെ വിലക്കുറവിന്‍റെ രൂപത്തില്‍ ഉപഭോക്താവിന് ലഭ്യമാകണമെങ്കില്‍ വ്യാപാരികള്‍ തന്നെ മനസ്സുവെക്കണം.

നിലവിലുള്ള സ്റ്റോക്കുകള്‍ക്ക് വിലക്കുറവുണ്ടാകുമോ?

സംഭരണ സമയത്ത് ഒടുക്കിയ എക്സൈസ് ഡ്യൂട്ടി, സെയില്‍സ് ടാക്സ് എന്നിവ തിരിച്ചുകിട്ടുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ വ്യാപാരികള്‍ ഇവക്ക് മുകളില്‍ വീണ്ടും ജിഎസ്ടി കൂടി ചുമത്താനിടയുണ്ട്. എന്നുവെച്ചാല്‍ ജൂലൈ ഒന്നിന് മുന്‍പുള്ള സ്റ്റോക്കുകളില്‍ തോന്നുംപടിയാകും വില. ഇനി പൂഴ്ത്തിവെച്ചാലും അത്ഭുതപ്പെടാനില്ല. മറുവശത്ത് ജിഎസ്ടിക്ക് ശേഷം വില ഉയരുമെന്ന പ്രചാരണത്തില്‍ വിറ്റഴിക്കല്‍ മേളകളും തകൃതിയാണ്.


വിസ്മൃതിയിലായി വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍

ജിഎസ്ടി പ്രാബല്യത്തിലായതോടെ കേരളത്തിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ വിസ്മൃതിയിലായി. സംസ്ഥാന ചരിത്രത്തോളം പഴക്കമുള്ള വാളയാര്‍ ചെക്പോസ്റ്റുള്‍പ്പടെ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ക്ക് മുമ്പിലെ വാഹനങ്ങളുടെ നീണ്ട നിര ഇനി ചരിത്രത്തിന്‍റെ ഏടുകളിലേക്ക്.

ജൂലൈ ഒന്ന്, രാത്രി പന്ത്രണ്ട്. ഈ സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ക്ലിയറന്‍സിന് വേണ്ടി ക്യൂ നിന്ന കൌണ്ടറുകള്‍ ശൂന്യം. പകരം, ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി വാഹനങ്ങളില്‍ നിന്ന് ഡിക്ലറേഷന്‍ വാങ്ങുന്നു.

തമിഴ്നാട് അതിര്‍ത്തിയിലെ ചാവടി ചെക്പോസ്റ്റാകട്ടെ, പതിനൊന്ന് മണിക്ക് തന്നെ അടിച്ചു പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കടന്നു പോകുന്ന വാഹനങ്ങളുടെ വിവരശേഖരണം പോലും ഇവിടെയില്ല.

വാളയാറിലിനി എക്സൈസ് ചെക്പോസ്റ്റിലാണ് വാഹന പരിശോധന നടക്കുക. എന്നാല്‍, ദിനേന രണ്ടായിരത്തോളം ചരക്കു വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വാഹനപരിശോധന പ്രായോഗികമല്ല. എക്സൈസിന്‍റെയും സെയില്‍സ് ടാക്സിന്‍റെയും സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാകുന്നതു വരെയും സംസ്ഥാനത്തേക്ക് സ്പിരിറ്റ് കള്ളക്കടത്തും നികുതി വെട്ടിച്ചുള്ള ചരക്കു കടത്തും ഇനിയുള്ള ദിവസങ്ങളില്‍ വര്‍ധിച്ചേക്കും


സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടാവില്ല

ജി എസ് ടി നിലവില്‍ വന്നെങ്കിലും സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. പണികൂലി അടിസ്ഥാനപെടുത്തിയാണ് വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ജിഎസ്ടി വന്നതോടെ 3 ശതമാനമാണ് സ്വര്‍ണത്തിന്‍റെ നികുതി.

നേരത്തെ രണ്ടുതരം നികുതിയാണ് വ്യാപാരികള്‍ നല്‍കിയത്. കോംപോണ്ടിങ് നികുതി പ്രകാരം വ്യാപാരികള്‍ 1.15 നികുതി അടച്ചിരുന്നു. കോംപോണ്ടിങ് അല്ലാത്ത വ്യാപാരികള്‍ 5ശതമാനം നികുതി അടച്ചിരുന്നു.

ജിഎസ്ടി നിലവില്‍ വന്നാല്‍ സ്വര്‍ണവില വര്‍ധിക്കുമെന്ന ആശങ്ക ശക്തമാണ്. ജിഎസ്ടി വരുന്നതിനു മുമ്പ് സ്വര്‍ണം വാങ്ങുന്നതിന് വലിയ തിരക്കാണ് ജ്വല്ലറികളില്‍ അനുഭവപ്പെട്ടത്. ഇന്നലെ വരെ സര്‍ക്കാറിലേക്ക് രണ്ട് തരം നികുതി നല്‍കിയാണ് വ്യാപാരികള്‍ സ്വര്‍ണ വില്‍പ്പന നടത്തിയിരുന്നത്. എന്നിട്ടുപോലും സ്വര്‍ണവിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല.

ജിഎസ്ടി നിലവില്‍വന്നാല്‍ പണികൂലിയില്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. പണികൂലി തീരുമാനിക്കുന്നത് ഓരോ ജ്വല്ലറികളായതുകൊണ്ട് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം സംഭവിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്ക് നികുതിയില്ല

ജിഎസ്ടി പ്രാബല്യത്തിലായതോടെ, ഇന്നുമുതല്‍ സംസ്ഥാനത്ത് കോഴിക്ക് നികുതിയില്ല. നികുതി വെട്ടിച്ചുള്ള കോഴിക്കടത്തിന് കുപ്രസിദ്ധമായ നടുപ്പുണിയിലെ ഊടുവഴികളിലൂടെ ഇനി കോഴിക്കടത്തുകാരെ പിടിക്കാന്‍ കൊഴിഞ്ഞാമ്പാറ പോലീസിന് പരക്കം പായേണ്ട.

ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴി ഉപഭോഗം കൂടുമെന്നതിനാല്‍ വെള്ളിയാഴ്ച ധാരാളം കോഴിലോറികള്‍ നടുപ്പുണിയിലൂടെ കടന്നു പോകേണ്ടതായിരുന്നു. എന്നാല്‍ രാത്രി വൈകിയും കോഴി ലോഡുകളെത്തിയില്ല.

രാത്രി പന്ത്രണ്ടായതോടെ, കോഴിവണ്ടികള്‍ ഓരോന്നായി ചെക്പോസ്റ്റ് വഴി കടന്നു പോകാന്‍ തുടങ്ങി. കഴിഞ്ഞ എപ്രിലില്‍ 870ഉം മെയ് മാസത്തില്‍ 980ഉം ലോഡാണ് നടുപ്പുണി വഴി കടന്നു പോയത്. ഇതു വഴിയുള്ള വരുമാനം ശരാശരി ഏഴരക്കോടി രൂപയും.

നികുതിയടക്കാതെ കടത്തുന്ന കോഴിവണ്ടികള്‍ പിന്തുടര്‍ന്ന് പിടികൂടലായിരുന്നു ഇതു വരെ കൊഴിഞ്ഞാമ്പാറ പോലീസിന്‍റെ പ്രധാന ജോലി. കോഴി വണ്ടികള്‍ക്ക് പൈലറ്റ് പോകുന്നവര്‍ മുതല്‍, ബില്ലില്ലാത്തവര്‍ക്ക് ബില്ലുകള്‍ ശരിയാക്കുന്നവര്‍ ചെക്പോസ്റ്റിനെ ഉപജീവിച്ച് കഴിഞ്ഞ നൂറ് കണക്കിന് പേര്‍ ഇനി മറ്റ് ജോലികള്‍ അന്വേഷിക്കേണ്ടി വരും.

TAGS :

Next Story