തെരഞ്ഞെടുപ്പിന് രണ്ടു നാള്‍; തമിഴ്‍നാട്ടില്‍ കണ്ടെയ്‍നറില്‍ കൊണ്ടുവന്ന 570 കോടി രൂപ പിടിച്ചെടുത്തു
തെരഞ്ഞെടുപ്പിന് രണ്ടു നാള്‍; തമിഴ്‍നാട്ടില്‍ കണ്ടെയ്‍നറില്‍ കൊണ്ടുവന്ന 570 കോടി രൂപ പിടിച്ചെടുത്തു
തമിഴ്‍നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു നാളുകള്‍ കൂടി മാത്രം ശേഷിക്കെ മൂന്നു കണ്ടെയ്‍നറുകളിലായി കൊണ്ടുവന്ന 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
തമിഴ്‍നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു നാളുകള്‍ കൂടി മാത്രം ശേഷിക്കെ മൂന്നു കണ്ടെയ്‍നറുകളിലായി കൊണ്ടുവന്ന 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്‍ബിഐ)യുടെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്നും വിശാഖപട്ടണത്തേക്ക് 570 കോടി രൂപ കൊണ്ടു പോകുകയായിരുന്നുവെന്നാണ് ട്രക്ക് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതേസമയം, പണം എസ്‍ബിഐയുടേതെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഒന്നും തന്നെ ഇവരുടെ പക്കലുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.
പെരുമനല്ലൂര്‍- കുന്നത്തൂര്‍ ബൈപ്പാസില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ധസൈനിക വിഭാഗം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പതിവ് വാഹനം പരിശോധനക്കിടെയാണ് പണം പിടികൂടിയത്. മൂന്നു കാറുകളുടെ അകമ്പടിയോടെയായിരുന്നു കണ്ടെയ്‌നറുകള്‍ സഞ്ചരിച്ചിരുന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിലുള്ളവരെ ചെങ്ങാപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടി. കാറിലുള്ളവര്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസുകാരാണ്. എന്നാല്‍ ഇവര്‍ യൂണിഫോമില്‍ ആയിരുന്നില്ല. പിടിച്ചെടുത്ത വാഹനം തിരുപ്പൂര്‍ ജില്ലാ കലക്ട്രേറ്റിലേക്ക് കൊണ്ട് പോയി.
പൊലീസ് സുരക്ഷാ പരിശോധനക്കായി കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് കെള്ളക്കാരെന്ന് പേടിച്ചിട്ടാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് തടഞ്ഞതെന്ന് തങ്ങള്‍ക്കറിയില്ലെന്നുമാണ് പിടിയിലായവര്‍ വ്യക്തമാക്കിയത്. മെയ് 16 നാണ് തമിഴ്‌നാടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാർക്കിടയിൽ പണം വിതരണം നടത്തുന്നതിൽ തമിഴ്നാടിന് കുപ്രസിദ്ധിയുണ്ട്. കൃത്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് വാഹനങ്ങള്‍ വിട്ടുനല്‍കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലഖോനി പറഞ്ഞു. തമിഴ്‍നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷം ഇതുവരെ നൂറു കോടിയോളം രൂപയാണ് വിവിധയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തിരിക്കുന്നത്.
Adjust Story Font
16