യുപിഎ സര്‍ക്കാരിന്റെ മറ്റൊരു പ്രതിരോധ കരാര്‍ കൂടി അഴിമതി കുരുക്കില്‍
യുപിഎ സര്‍ക്കാരിന്റെ മറ്റൊരു പ്രതിരോധ കരാര്‍ കൂടി അഴിമതി കുരുക്കില്‍
ബ്രസീലിയന്‍ കമ്പനിയായ എംബ്രയേറില്‍ നിന്ന് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
യുപിഎ സര്‍ക്കാര്‍ കാലത്തെ മറ്റൊരു പ്രതിരോധ കരാര്‍ കൂടി അഴിമതി നിഴലില്‍. ബ്രസീലിയന്‍ കമ്പനിയായ എംബ്രയേറില്‍ നിന്ന് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോപണത്തില്‍ ബ്രസീലും അമേരിക്കയും അന്വേഷണം ആരംഭിച്ചു. അഴിമതി ആരോപണത്തില്‍ കേന്ദ്രപ്രതിരോധ ഗവേഷണ വികസന വിഭാഗം എംബ്രയേര്‍ കമ്പനിയോട് വിശദീകരണം തേടി.
2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബ്രസീലിയന്‍ വിമാന കമ്പനിയായ എംബ്രയേറുമായി പ്രതിരോധ മന്ത്രാലയം കരാറിലേര്‍പ്പെടുന്നത്. ഇഎംബി- 145 വിഭാഗത്തില്‍ പെട്ട മൂന്ന് ജെറ്റുകള്‍ക്ക് വേണ്ടി ഇന്ത്യ ഈ കമ്പനിക്ക് നല്‍കിയത് 208 മില്യണ്‍ ഡോളര്‍. കരാര്‍ പ്രകാരം 2011 ല്‍ ആദ്യ ആദ്യ വിമാനം കമ്പനി കൈമാറുകയും ചെയ്തു. എന്നാല്‍ 208 മില്ല്യണ്‍ എന്നതുക വിമാനത്തിന്റെ യഥാര്‍ത്ഥ വിലയുടെ രണ്ട് മടങ്ങ് അധികമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ ഇട നിലക്കാരന്‍ വിമാനകമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി ബ്രസീലിയന്‍ ദിനപത്രം ഫോല ഡീ സാവോ പോളോ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് അഴിമതി പുറത്ത് കൊണ്ടുവന്നതെന്നും പത്രം അവകാശപ്പെടുന്നു. പ്രതിരോധ നിര്‍വഹണ വ്യവസ്ഥയനുസരിച്ച് ഇടനിലക്കാര്‍ക്കും അനധികൃത ഏജന്റുമാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കരാറില്‍ ഇടനിലക്കാരന്‍ വന്നതിനെക്കുറിച്ചും മന്ത്രാലയം ഉത്തരം പറയേണ്ടിവരും.
Adjust Story Font
16