ഗുജറാത്തില്‍ കോണ്‍ഗ്രസ് - പട്ടേല്‍ ധാരണയില്‍ അനിശ്ചിതത്വം തുടരുന്നു
ഗുജറാത്തില്‍ കോണ്‍ഗ്രസ് - പട്ടേല്‍ ധാരണയില്‍ അനിശ്ചിതത്വം തുടരുന്നു
പ്രതിഷേധം തണുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പാസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുതുതായി ഉള്‍പ്പെടുത്തി
ഗുജറാത്തില്‍ കോണ്‍ഗ്രസ് - പട്ടീദാര്‍ ധാരണയിലെ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവെച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയും നടന്നില്ല. ഹാര്‍ദിക് പട്ടേല്‍ ഇന്നലെ നടത്തേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. അതേസമയം പ്രതിഷേധം തണുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പാസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുതുതായി ഉള്‍പ്പെടുത്തി.
പട്ടേല്‍ ഭൂരിപക്ഷ മണ്ഡലമായ വരചയില്‍ പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി നിര്‍ദേശിച്ച ധീരു ഗരേജയെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ പേരിലാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് സൂറത്തില്‍ കോണ്‍ഗ്രസ് - പട്ടീദാര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും കോണ്‍ഗ്രസ് ഓഫീസിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ തിങ്കളാഴ്ച രാജ്കോട്ടില്‍ നടക്കേണ്ടിയിരുന്ന കോണ്‍ഗ്രസ്-പട്ടീദാര്‍ ധാരണ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹാര്‍ദിക് പട്ടേല്‍ റദ്ദാക്കി. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ടുമായി ചര്‍ച്ചയും നടത്തി. ഇതിന് ശേഷമാണ് രണ്ട് സീറ്റുകളില്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റി പാസ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
തര്‍ക്കത്തിന് കാരണമായ വരച മണ്ഡലത്തില്‍ ധീര ഗരേജയെ തന്നെ പ്രഖ്യാപിച്ചു. കാംരജ് മണ്ഡലത്തില്‍ പാസ് നേതാവ് അശോക് ജിര്‍വാലയെയും തീരുമാനിച്ചു. ഇതിന് ശേഷം ധാരണ സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ അഹ്മദാബാദില്‍ ഹാര്‍ദിക് വാര്‍ത്ത സമ്മേളനം വിളിച്ചു. പക്ഷെ അതും അവസാനം റദ്ദാക്കുകയായിരുന്നു. കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള വിലപേശല്‍ പാസ് തുടരുകയാണെന്നാണ് വിവരം. 12 സീറ്റുകള്‍ നല്‍കണമെന്നാണ് പാസിന്റെ ആവശ്യമെന്നും ആറ് സീറ്റുകള്‍ക്കപ്പുറം നല്‍കാനാകില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
Adjust Story Font
16