കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ്: അംബരീഷിന്‍റെ പിന്മാറ്റം കോണ്‍ഗ്രസിന് തിരിച്ചടി
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ്: അംബരീഷിന്‍റെ പിന്മാറ്റം കോണ്‍ഗ്രസിന് തിരിച്ചടി
മാന്‍ഡ്യയില്‍ കോണ്‍ഗ്രസും-ജെഡിഎസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
നടന്‍ എം എച്ച് അംബരീഷിന്റെ പിന്മാറ്റം കൊണ്ട് ശ്രദ്ധേയമായ മാന്‍ഡ്യയില്‍ കോണ്‍ഗ്രസും-ജെഡിഎസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അംബരീഷ് പിന്മാറിയതോടെ മാന്‍ഡ്യ സിറ്റി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ജനതാദള്‍. ജില്ലയിലെ രണ്ട് ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
എന്‍ ശ്രീനിവാസെന്ന ഈ ജെഡിഎസ് സ്ഥാനാര്‍ത്ഥി 2013ല്‍ എംഎച്ച് അംബരീഷെന്ന കോണ്‍ഗ്രസ് അതികായകനോട് മാന്‍ഡ്യ സിറ്റി മണ്ഡലത്തില്‍ പരാജയപ്പെട്ടത് 42937 വോട്ടുകള്‍ക്കായിരുന്നു. പക്ഷെ ഇത്തവണ മാന്‍ഡ്യയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം. കാരണം, വിശ്വസ്തര്‍ക്ക് സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിയോട് പിണങ്ങി എംഎച്ച് അബരീഷ് മത്സരത്തില്‍ നിന്ന് പിന്മാറി.
അംബരീഷിന് പകരം, പ്രജ ടിവി ചാനല്‍ ഉടമ രവി കുമാര്‍ കനിഗയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. താന്‍ അവിചാരിതമായി സ്ഥാനാര്‍ത്ഥി ആയ ആളല്ല. അവസാന ദിവസങ്ങളില്‍ അംബരീഷ് പ്രചാരണത്തിനെത്തുമെന്നും രവികുമാര്‍ മീഡിയാവണിനോട് പറഞ്ഞു.
അംബരീഷിന്‍റെ അസാന്നിധ്യം ജില്ലയിലെ മറ്റ് സീറ്റുകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013ല്‍ ജില്ലയിലെ ആറ് സീറ്റുകളിലും നാലിലും ജയിച്ചത് ജനതാദളായിരുന്നു. ഇവയില്‍ ശ്രീരംഗപട്ടണത്തെയും നാഗമംഗലത്തെയും എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റുകളിലാണ്. ഈ മുന്‍തൂക്കമാണ് അംബരീഷിന്‍റെ പിന്മാറ്റത്തോടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.
Adjust Story Font
16