കര്‍ണാടക വിശ്വാസവോട്ടെടുപ്പ് : സുപ്രീം കോടതിയുടെ അഞ്ച് പ്രധാന തീരുമാനങ്ങള്‍
കര്‍ണാടക വിശ്വാസവോട്ടെടുപ്പ് : സുപ്രീം കോടതിയുടെ അഞ്ച് പ്രധാന തീരുമാനങ്ങള്‍
അഞ്ച് സുപ്രധാന തീരുമാനങ്ങളാണ് ഇന്ന് കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.
അഞ്ച് സുപ്രധാന തീരുമാനങ്ങളാണ് ഇന്ന് കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബിജെപി സര്‍ക്കാരിന് ഗവര്‍ണര്‍ അനുവദിച്ചത്. എന്നാല്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് ഇന്ന് വാദം തുടങ്ങിയതുമുതല്‍ സുപ്രീം കോടതി സ്വീകരിച്ചത്. തുടര്‍ന്നാണ് നാളെ നാലുമണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എംഎല്‍എമാര്‍ക്ക് സുരക്ഷിതമായി സഭയ്ക്കുള്ളിലെത്തി പേടികൂടാതെ വോട്ടുചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ ഡിജിപിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഒരു പ്രൊ ടെം സ്പീക്കറെ കോടതി നിയോഗിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. സാധാരണ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ എങ്ങനെയാണോ പ്രൊ ടെം സ്പീക്കറെ തെരഞ്ഞെടുക്കുന്നത് അതേ നയം തന്നെ ഇവിടെയും പിന്തുടരാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എങ്ങനെയാണ് വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത് എന്ന് പ്രൊ ടെം സ്പീക്കര്‍ തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
സീക്രട്ട് ബാലറ്റ് വേണമെന്ന എജി വേണുഗോപാലിന്റെ ആവശ്യവും കോടതി തള്ളി. വിശ്വാസവോട്ടെടുപ്പ് കാമറയില്‍ പകര്‍ത്തമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും കോടതി നിരസിച്ചു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയോഗിച്ച യെദിയൂരപ്പ സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. വിശ്വാസവോട്ടെടുപ്പ് കഴിയുന്നതുവരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാന്‍ പാടില്ല.
വിശ്വാസവോട്ടെടുപ്പിന് മുന്‍പായി എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യണം, യെദിയൂരപ്പ സര്‍ക്കാര്‍ നയപരമായ ഒരു തീരുമാനങ്ങളും ഇതിനിടയില്‍ എടുക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്. ഇത് കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്തരുതെന്നും ബിജെപി അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അത് കേട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ യെദിയൂരപ്പ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി ഓര്‍മപ്പെടുത്തി.
ഗവര്‍ണരുടെ വിവേചനാധികാരം സംബന്ധിച്ചും കോടതി ഇനി വാദം കേള്‍ക്കും. ആ കാര്യത്തില്‍ കോടതി സുപ്രധാന തീരുമാനമെടുക്കുമെന്നും ഇന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. യെദ്യൂരപ്പയെ ക്ഷണിച്ചത് സംബന്ധിച്ച ഗവര്‍ണറുടെ നടപടിയുടെ നിയമസാധുത 10 ആഴ്ചക്ക് ശേഷം പരിശോധിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
വിശ്വാസവോട്ട് നേരിടാന്‍ തങ്ങള്‍ക്ക് ആദ്യം അവസരം നല്‍കണമെന്ന് കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിട്ടില്ല. അതില്‍ കോടതി ഇടപെടില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
Adjust Story Font
16