കര്‍ണാടകയില്‍ മന്ത്രിസഭാ വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കം തുടരുന്നു
കര്‍ണാടകയില്‍ മന്ത്രിസഭാ വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കം തുടരുന്നു
കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും യോഗം ഇന്ന്
കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണം, കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം കാരണം നീളുന്നു. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതാണ് പ്രധാന കാരണം. കര്‍ണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും യോഗം
ചേരും.
ഇന്നലെ എച്ച്.ഡി. കുമാരസ്വാമി, രാഹുല്‍ഗാന്ധിയുമായും സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തിയെങ്കിലും കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ല. സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി, പ്രശ്നം പരിഹരിയ്ക്കാനാണ് രാഹുല്‍ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, ഇത് ജെഡിഎസ് അംഗീകരിച്ചിട്ടില്ല.
കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ധാരണയുണ്ടെങ്കിലും ലിംഗായത്ത് വിഭാഗത്തില്‍പെട്ട എംഎല്‍എമാര്‍ ഇതിനെ എതിര്‍ക്കുന്നു. ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ഒരു സമവായമുണ്ടാകും.
സത്യപ്രതിജ്ഞയ്ക്കായി 23ന് ബംഗളുരുവില്‍ എത്തുന്ന രാഹുല്‍ഗാന്ധി, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. അതിനു ശേഷം മാത്രമായിരിയ്ക്കും മന്ത്രിസഭാ രൂപീകരണം നടക്കുക. 23ന് മുഖ്യമന്ത്രി മാത്രമായിരിയ്ക്കും സത്യപ്രതിജ്ഞ ചെയ്യുക. കൂടുതല്‍ മന്ത്രിമാരും പ്രധാന വകുപ്പുകളും വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിസ്ഥാനങ്ങള്‍ കുറവാണെങ്കിലും പ്രധാന വകുപ്പുകള്‍ വേണമെന്നാണ് ജെഡിഎസിന്റെ ആവശ്യം.
23ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുലിനും സോണിയഗാന്ധിയ്ക്കും പുറമെ പ്രതിപക്ഷ നിരയിലെ പ്രമുഖരും ചടങ്ങിനെത്തും. വൈകിട്ട് നാലിന് കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
Adjust Story Font
16