ബി.ജെ.പി വനിതാ എം.എല്‍.എയുടെ ക്ഷേത്രസന്ദര്‍ശനം; അമ്പലം അടിച്ചുതളിച്ചു ശുദ്ധമാക്കി
അതുകൂടാതെ ആരാധനാമൂർത്തിയുടെ പ്രതിമകൾ ശുദ്ധീകരിക്കുന്നതിനായി അലഹബാദിലേക്ക് അയയ്ക്കുകയും ചെയ്തു
- Published:
31 July 2018 4:50 AM GMT
ബി.ജെ.പി വനിതാ എംഎൽഎയുടെ സന്ദർശനത്തിനു പിന്നാലെ ഉത്തർപ്രദേശിൽ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ചു "ശുദ്ധമാക്കി’. ബിജെപി എംഎൽഎ മനീഷ അനുരാഗിയുടെ സന്ദർശനത്തിനു പിന്നാലെയായിരുന്നു ക്ഷേത്രം അധികൃതരുടെ നടപടി. അതുകൂടാതെ ആരാധനാമൂർത്തിയുടെ പ്രതിമകൾ ശുദ്ധീകരിക്കുന്നതിനായി അലഹബാദിലേക്ക് അയയ്ക്കുകയും ചെയ്തു.
ജൂലൈ 12-നാണ് മനീഷ തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന മുസ്കുര ഖുർദിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഈ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനു വിലക്കുണ്ട്. ഇത് സംബന്ധിച്ച് മനീഷക്ക് അറിവുണ്ടായിരുന്നില്ല. പ്രവർത്തകർ നിർബന്ധിച്ചതോടെ എംഎൽഎ പ്രസിദ്ധമായ ധ്രും റിഷി ക്ഷേത്രത്തിൽ പ്രാർഥന നടത്തി. എന്നാൽ, ശ്രീകോവിലിലേക്ക് എംഎൽഎ പ്രവേശിക്കുന്നത് നാട്ടുകാർ തടയുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് അധികൃതർ ക്ഷേത്രം ഗംഗാജലം തളിച്ച് "ശുദ്ധീകരിച്ചത്'. സ്ത്രീകളെയാകെ അപമാനിക്കുന്ന നടപടിയാണ് ക്ഷേത്രം അധികൃതർ കൈക്കൊണ്ടതെന്ന് മനീഷ പ്രതികരിച്ചു. അതേസമയം, ഇന്നേവരെ ഈ ക്ഷേത്രത്തിൽ ഒരു സ്ത്രീയും പ്രവേശിച്ചിട്ടില്ലെന്നും താൻ സ്ഥലത്തുണ്ടായിരുന്നെങ്കിൽ മനീഷ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുമായിരുന്നെന്നും ക്ഷേത്രത്തിലെ പുജാരി പറഞ്ഞു.
Adjust Story Font
16