Quantcast

മുസ്ലിമിനെ വിവാഹം കഴിച്ച അവള്‍ ഹിന്ദുവല്ല; പ്രണയ വിവാഹിതയായ സ്ത്രീക്ക് സഞ്ചയന കര്‍മ്മം നിഷേധിച്ച് ക്ഷേത്ര സമിതി

കൊല്‍ക്കൊത്ത സ്വദേശിയായ ഇംതിയാസുര്‍ റഹ്മാനാണ് ഈ ദുര്യോഗം വന്നത്. ഭാര്യ നിവേദിത ഗതക് കഴിഞ്ഞ ആഴ്ചയാണ് രോഗം മൂലം മരിച്ചത്. 

MediaOne Logo

Web Desk

  • Published:

    10 Aug 2018 6:13 AM GMT

മുസ്ലിമിനെ വിവാഹം കഴിച്ച അവള്‍ ഹിന്ദുവല്ല; പ്രണയ വിവാഹിതയായ സ്ത്രീക്ക് സഞ്ചയന കര്‍മ്മം നിഷേധിച്ച്  ക്ഷേത്ര സമിതി
X

മുസ്ലിം യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് സഞ്ചയന കര്‍മ്മം നിഷേധിച്ച് ഡല്‍ഹി ക്ഷേത്ര സമിതി. ഇസ്ലാം സമുദായത്തില്‍ പെട്ട ആളെ വിവാഹം കഴിച്ചാല്‍ പിന്നെ അവര്‍ ഹിന്ദുവല്ലെന്ന് പറഞ്ഞാണ് ന്യൂ ഡല്‍ഹിയിലെ ക്ഷേത്ര സമിതി അന്ത്യകര്‍മ്മങ്ങള്‍ നിഷേധിച്ചത്.

കൊല്‍ക്കൊത്ത സ്വദേശിയായ ഇംതിയാസുര്‍ റഹ്മാനാണ് ഈ ദുര്യോഗം വന്നത്. ഭാര്യ നിവേദിത ഗതക് കഴിഞ്ഞ ആഴ്ചയാണ് രോഗം മൂലം മരിച്ചത്. ഇരുപത് വര്‍ഷം മുന്‍പ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമാണ് ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ നിവേദിതയുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ സംസ്കാരത്തിന് ശേഷമുള്ള ശ്രാദ്ധ ചടങ്ങുകള്‍ വീട്ടുകാര്‍ നടത്തിയതുമില്ല.

പശ്ചിമബംഗാളിലെ വാണിജ്യനികുതി വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷറാണ് റഹ്മാന്‍. ഭാര്യയുടെ സഞ്ചയന ചടങ്ങുകള്‍ മുറപ്രകാരം നടത്തണമെന്ന ആഗ്രഹത്തോടെ ചിത്തരഞ്ചന്‍ പാര്‍ക്കില്‍ ചെറിയൊരു സ്ഥലം ബുക്ക് ചെയ്യുകയും ചെയ്തു. ഇതിനായി കാളിമന്ദിര്‍ സൊസൈറ്റിയില്‍ 1,300 രൂപ അടച്ചു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് റഹ്മാന്റെ ബുക്കിംഗ് റദ്ദ് ചെയ്തതായി സൊസൈറ്റി അറിയിക്കുകയായിരുന്നു. ഒന്നിലധികം കാരണങ്ങള്‍ കൊണ്ടാണ് റഹ്മാന്റെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തതെന്ന് സൊസൈറ്റി പ്രസിഡന്റ് അഷിതവ ഭൂൌമിക് പറഞ്ഞു. റഹ്മാന്‍ തന്റെ വ്യക്തിത്വം മറച്ചുവച്ചതായും അയാളുടെ മകള്‍ ഇഹിനി അംബ്രീനയുടെ പേരിലാണ് ബുക്ക് ചെയ്തതെന്നും അത് ഒരു മുസ്ലീം പേരാണെന്ന് തങ്ങള്‍ക്ക് മനസിലായില്ലെന്നുമാണ് ക്ഷേത്രസമിതിയുടെ വാദം.

മുസ്ലീമിനെ വിവാഹം ചെയ്ത ആ സ്ത്രീ ഭര്‍ത്താവിന്റേ പേര് തന്റെ പേരിന്റെ കൂടെ ചേര്‍ക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ പിന്തുടരുന്നതും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവരെ ഒരു ഹിന്ദുവായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഭൌമിക് പറഞ്ഞു.

എന്നാല്‍ വിശ്വാസമെന്നത് തന്നെ സംബന്ധിച്ച് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതൊരിക്കലും തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും റഹ്മാന്‍ വ്യക്തമാക്കി. അവള്‍ക്ക് അങ്ങിനെയാരും ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ടാണ് ഹിന്ദു ആചാര പ്രകാരം ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story