അമിത് ഷാ വീണ്ടും വിവാദക്കുരുക്കിൽ; മകന്റെ കമ്പനിയിലെ പങ്കാളിത്തം മറച്ചു വെച്ച് സത്യവാങ്‌മൂലം സമർപ്പിച്ചതായി റിപ്പോർട്ട്
വിവാദങ്ങൾ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായെയും മകനും ബിസിനസുകാരനുമായ ജയ് ഷായെയും. മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി അനർഹമായി വായ്പ വാരിക്കൂട്ടിയതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങും മുമ്പാണ് ബിജെപി അധ്യക്ഷൻ പുതിയ വിവാദക്കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. 2017 ൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രികയുടെ കൂടെ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അമിത് ഷാ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് കാരവൻ റിപ്പോർട്ട് ചെയ്യുന്നത്.
2017 ൽ രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രികയുടെ കൂടെ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അമിത് ഷാ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് കാരവൻ റിപ്പോർട്ട് ചെയ്യുന്നത്.
മകന്റെ ഉടമസ്ഥതയിലുള്ള കുസും ഫിൻസേർവ് എൽഎൽപി എന്ന ബിസിനസ് സ്ഥാപനത്തിന് വായ്പ ലഭ്യമാക്കുന്നതിനായി ഷാ തന്റെ രണ്ടു വസ്തുവകകൾ പണയപ്പെടുത്തി. ഗുജറാത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ കുൽപുർ കൊമേർഷ്യൽ സഹകരണ ബാങ്കിലാണ് ഷാ തന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പണയത്തിന് ജാമ്യത്തിൽ വെച്ചത്. എന്നാൽ ഈ വിവരം അദ്ദേഹം തിരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇല്ലെന്നാണ് കാരവൻ റിപ്പോർട്ട് ചെയ്യുന്നത്.
അമിത് ഷായുടെ ജാമ്യത്തിൽ 2016 മുതൽ ജയ് ഷായുടെ ബിസിനസ് സ്ഥാപനം 97.35 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കിയത്. പല തവണകളായി 10.35 കോടി, 25 കോടി, 15 കോടി, 30 കോടി, 17 കോടി എന്നിങ്ങനെ രണ്ടു ബാങ്കുകളിൽ നിന്നും ഒരു സർക്കാർ സംരംഭത്തിൽ നിന്നുമായിട്ടാണ് ജയ് ഷായുടെ കമ്പനി ഇത്രയും തുക വായ്പയായി വാങ്ങിയത്. കമ്പനിയുടെ തന്നെ ബാലൻസ് ഷീറ്റ് അനുസരിച്ചു വെറും 5.83 കോടി രൂപയുടെ മൂല്യം മാത്രമുള്ള കുസും ഫിൻസേർവ് സ്വീകരിച്ച വായ്പയിൽ കഴിഞ്ഞ വര്‍ഷം മാത്രം 300 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കാരവൻ റിപ്പോർട്ട് ചെയ്യുന്നത്.
ജയ് ഷായുടെ കമ്പനി സ്വീകരിച്ച മൊത്തം വായ്പയിൽ ഒരു ഭാഗം അഹമ്മദാബാദിലെ മൂന്ന് സ്വത്തുക്കളുടെ ജാമ്യത്തിന്മേലാണ്. 3839 ചതുരശ്ര മീറ്ററും 459 ചതുരശ്ര മീറ്ററും വലിപ്പത്തിലുള്ള രണ്ടു ഭൂമികൾ, ഒരു കൊമേർഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള 186 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു ഓഫീസ് സ്പേസ്- ഈ മൂന്ന് വസ്തുവകകളാണ് ബാങ്കിൽ ജാമ്യത്തിന് വേണ്ടി സമർപ്പിച്ചത്. ഇതിൽ രണ്ടു വസ്തുവകകൾ അമിത് ഷായുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ ബിസിനസ് സംരംഭത്തിൽ അമിത് ഷാക്ക് ലാഭ വിഹിതം ഉണ്ടാവില്ലെങ്കിലും അദ്ദേഹത്തിന് ഓഹരിയുണ്ടാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ പറയുന്നത്.
എന്നാൽ, രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഈ വിവരം അമിത് ഷാ മറച്ചു വെച്ചുവെന്നാണ് കാരവൻ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രാതിനിധ്യ നിയമ പ്രകാരം നിയമ സഭകളിലേക്കും പാർലമെന്റിലേക്കും മത്സരിക്കുന്നവർ സത്യവാങ്‌മൂലത്തിൽ സ്വത്തുക്കളും പങ്കാളിത്തവും രേഖപ്പെടുത്തണമെന്നാണ് നിയമം. വിവരങ്ങൾ മറച്ചു വെച്ച് സത്യവാങ്‌മൂലം സമർപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.
ജനപ്രാതിനിധ്യ നിയമ പ്രകാരം നിയമസഭകളിലേക്കും പാർലമെന്റിലേക്കും മത്സരിക്കുന്നവർ സത്യവാങ്‌മൂലത്തിൽ സ്വത്തുക്കളും പങ്കാളിത്തവും രേഖപ്പെടുത്തണമെന്നാണ് നിയമം. വിവരങ്ങൾ മറച്ചു വെച്ച് സത്യവാങ്‌മൂലം സമർപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.
"സഭാംഗങ്ങളുടെ സത്യവാങ്‌മൂലത്തിൽ പൂർണ്ണവും സത്യസന്ധവുമായ വിവരങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ. ഇതിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയാൽ ആ സഭാംഗത്തിനെതിരെ നടപടി കൈക്കൊള്ളേണ്ടതാണ്. പക്ഷെ, അത്തരം രാഷ്ട്രീയക്കാർക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികൾ എത്രത്തോളം ശക്തമായിരിക്കണം എന്നതാണ് വിഷയം," മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേശി പറയുന്നു.
നേരത്തെ ജയ് ഷായുടെ തന്നെ ഉടമസ്ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെയും ആരോപണമുയർന്നിരുന്നു. ഒരു വർഷത്തിനിടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർധിച്ചുവെന്നായിരുന്നു ദ വയർ റിപ്പോർട്ട് ചെയ്തത്. രജിസ്റ്റർ ഓഫ് കമ്പനീസിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദ വയർ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഉൽപ്പന്ന വില്പനയിലൂടെ റവന്യു വരുമാനം 80 കോടിയായി ഉയർന്നു എന്നാണ് കമ്പനി ഇതിനു വിശദീകരണമായി പറഞ്ഞത്.
Adjust Story Font
16