Quantcast

രൂപയുടെ മൂല്യത്തകര്‍ച്ച, സര്‍ക്കാര്‍ ആശങ്കയില്‍; ശക്തമായ ഇടപെടല്‍ വേണമെന്ന് ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം

നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍‌ക്കായി പ്രത്യേക നിക്ഷേപ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    11 Sep 2018 7:32 AM GMT

രൂപയുടെ മൂല്യത്തകര്‍ച്ച, സര്‍ക്കാര്‍ ആശങ്കയില്‍; ശക്തമായ ഇടപെടല്‍ വേണമെന്ന് ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം
X

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍. മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ അടിയന്തര ഇടപടല്‍ വേണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍‌ക്കായി പ്രത്യേക നിക്ഷേപ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്.

ഡോളറുമായുള്ള രൂപയുടെ വിനിമയ തോതില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തുടരുന്നത്. ഈ വര്‍ഷം 11%ത്തോളം മൂല്യം ഇടിഞ്ഞു. 72 രൂപയിലധികം നല്‍കണം ഒരു ഡോളറിനിപ്പോള്‍. ഈ നില തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ‌അസംസ്കൃത എണ്ണക്ക് അധിക വില നില്‍കേണ്ടി വരുന്നതിന് പുറമെ , ഇന്ത്യയെടുത്ത വിദേശ വായ്പകളില്‍ 68500 കോടിയുടെ അധിക ബാധ്യത വരുമെന്നും കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രൂപയുടെ മുല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ ശക്തവും അടിയന്തരവുമായ ഇടപടെല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. രൂപയുടെ തകര്‍‌ച്ച ആനുകൂല്യം മുതലാക്കി പ്രവാസികള്‍ കൂടുതല്‍‌ പണം നാട്ടിലേക്ക് അയക്കുന്നതും തുടരുന്നുണ്ട്.

ഈ സാഹചര്യത്തില്‍‌ പ്രവാസികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനും കേന്ദ്രം ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ നേരിയ വര്‍ധനവ് ഉണ്ടായി. ഡോളര്‍ ഒന്നിന് 72 രൂപ30 പൈസയാണ് ഇപ്പോഴത്തെ നിരക്ക് . ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ വിനിമയ തോത് 72 രൂപ 45 പൈയ ആയിരുന്നു.

TAGS :

Next Story