Quantcast

വെറുതെയൊന്ന് കുഴിച്ചപ്പോള്‍ തൊഴിലാളിക്ക് കിട്ടിയത് ഒന്നര കോടി രൂപയുടെ വജ്രം

എന്നാല്‍ പ്രജാപതിയുടെ തലവര ഒരൊറ്റ ദിവസം കൊണ്ട് തെളിഞ്ഞു. പ്രജാപതിക്ക് സൌഭാഗ്യം കൊണ്ടുവന്നത് ഒരുതുണ്ട് ഭൂമിയാണ്. 

MediaOne Logo

Web Desk

  • Published:

    10 Oct 2018 1:22 PM GMT

വെറുതെയൊന്ന് കുഴിച്ചപ്പോള്‍ തൊഴിലാളിക്ക് കിട്ടിയത് ഒന്നര കോടി രൂപയുടെ വജ്രം
X

മധ്യപ്രദേശിലെ പന്നായിലെ ഒരു ദിവസവേതന തൊഴിലാളിയാണ് മോത്തിലാല്‍ പ്രജാപതി. ദിവസേന കിട്ടുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളില്‍ ഒരാള്‍. എന്നാല്‍ പ്രജാപതിയുടെ തലവര ഒരൊറ്റ ദിവസം കൊണ്ട് തെളിഞ്ഞു. പ്രജാപതിക്ക് സൌഭാഗ്യം കൊണ്ടുവന്നത് ഒരുതുണ്ട് ഭൂമിയാണ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വജ്ര ഖനന ഭൂമിയില്‍ തൊഴിലാളിയായ പ്രജാപതിക്ക് സര്‍ക്കാര്‍ അനുവദിച്ച 25 ചതുരശ്രയടി സ്ഥലത്ത് നിന്നാണ് ആ സൌഭാഗ്യം ഉയര്‍ന്നുവന്നത്. ഇവിടെ നിന്ന് പ്രജാപതിക്ക് ലഭിച്ചത് ഒന്നര കോടി രൂപ വില വരുന്ന വജ്രം.

പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് പ്രജാപതിക്ക് ലഭിച്ചത് 42.9 കാരറ്റ് വജ്രമാണ്. പന്നായിലെ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ വജ്ര ഖനനം നടക്കുന്ന പ്രദേശത്തിന് സമീപമാണിത്. ഏതായാലും ഇതാദ്യമായല്ല ഇത്രയും വലിയൊരു വജ്രം തൊഴിലാളിക്ക് ലഭിക്കുന്നത്. 1961 ല്‍ മറ്റൊരു തൊഴിലാളിക്ക് 44.55 കാരറ്റുള്ള വജ്രം ലഭിച്ചിരുന്നു. പ്രജാപതിക്ക് ലഭിച്ച വജ്രം ശുദ്ധമാണെന്നും അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ചട്ടപ്രകാരം ലേലം നടത്തുമെന്നും മൈനിങ് ഓഫീസര്‍ സന്തോഷ് സിങ് പറഞ്ഞു. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 11 ശതമാനം നികുതിയായി സര്‍ക്കാരിലേക്ക് ചേരും. ബാക്കി വരുന്ന മുഴുവന്‍ തുകയും പ്രജാപതിക്ക് കൈമാറുമെന്ന് സന്തോഷ് സിങ് വ്യക്തമാക്കി. തലമുറകളായി തങ്ങള്‍ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നവരാണെന്ന് പ്രജാപതി പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് ലഭിച്ച വജ്രമാണിത്. തന്റെ കുട്ടികളുടെ പഠനത്തിനും നല്ലൊരു വീട് നിര്‍മിക്കുന്നതിനും കുടുംബത്തിലെ വിവാഹച്ചെലവുകള്‍ക്കുമൊക്കെ ഈ പണം ഉപയോഗിക്കുമെന്ന് പ്രജാപതി പറയുന്നു.

TAGS :

Next Story