ഗംഗ ശുചീകരിക്കാന്‍ ആവശ്യപ്പെട്ട് നിരാഹാരം, മരണം; കൂടൂതല്‍ അറിയാം ആ പോരാളിയെക്കുറിച്ച്..
ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി. ഡി അഗര്‍വാള്‍. ഒടുവില്‍ മരണം അദ്ദേഹത്തെ തേടിയെത്തി.
ഗംഗ ശുചീകരിക്കാന്‍ ആവശ്യപ്പെട്ട് നിരാഹാരം, ഒടുവില്‍ മരണം. പരിസ്ഥിതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഇനി അഗര്‍വാള്‍ ഇല്ല. ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി. ഡി അഗര്‍വാള്‍. ഒടുവില്‍ മരണം അദ്ദേഹത്തെ തേടിയെത്തി.
1932ല്‍ ഉത്തര്‍പ്രദേശിലെ കര്‍ഷക കുടുംബത്തിലായിരുന്നു അഗര്‍വാളിന്റെ ജനനം. റൂര്‍ക്കി ഐ.ഐ.ടിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംങില്‍ ബിരുദം നേടി. പിന്നീട് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പരിസ്ഥിതി എഞ്ചിനീയറിംങില്‍ പി.എച്ച്.ഡി സ്വന്തമാക്കി. 1979-80 കാലയളവില്‍ റൂര്‍ക്കി ഐ.ഐ.ടിയില്‍ വിസിറ്റിംങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇതേ സമയം തന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗമായിരുന്നു. പിന്നീട് കാണ്‍പൂര്‍ ഐ.ഐ.ടി സിവില്‍ ആന്റ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിംങ് വിഭാഗം മേധാവിയുമായി. 2011ല്‍ സന്യാസ ജീവിതം സ്വീകരിച്ച് സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന പേര് സ്വീകരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി മുമ്പും നിരവധി തവണ നിരാഹാര സമരം നടത്തിയിട്ടുണ്ട് അഗര്‍വാള്‍. ഭഗീരഥ നദിയിലെ ജലവൈദ്യുത പദ്ധതിയെ എതിര്‍ത്തായിരുന്നു ആദ്യത്തെ നിരാഹാര സമരം. 36 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് അഗര്‍വാളിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.
2013ല്‍ മന്‍മോഹന്‍സിംങ് സര്‍ക്കാരിന്റെ കാലത്തും ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് അനുരഞ്ജന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. 2018ല്‍ ഗംഗാ നദിയിലെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തു.
ഗംഗ വൃത്തിയാക്കണമെന്നും അതിനായി പ്രത്യേക നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ട് 2018 ജൂണ്‍ 22നാണ് വീണ്ടും നിരാഹാരസമരം ആരംഭിച്ചത്. തേന്‍ ചേര്‍ത്ത വെള്ളം മാത്രമായിരുന്നു ആഹാരം. രണ്ട് ദിവസം മുമ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ ജലപാനം പോലും ഉപേക്ഷിച്ചുള്ള സമരത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
Adjust Story Font
16