ബംഗാളിന്‍റെ പേര് മാറ്റാനുള്ള മമതയുടെ നീക്കത്തിനെതിരെ ആഭ്യന്തര മന്ത്രാലയം
ബംഗ്ലാദേശുമായി പേരിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം വിയോജിപ്പ് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിന്‍റെ പേര് ബംഗ്ലാ എന്നാക്കി മാറ്റുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗ്ലാദേശുമായി പേരിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം വിയോജിപ്പ് വ്യക്തമാക്കിയത്. പേരുകളിലുള്ള സാമ്യം അന്താരാഷ്ട്ര തലത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വാദം.
ഇന്ത്യക്ക് ബംഗ്ലാദേശുമായി നല്ല ബന്ധമാണുള്ളത്. ജില്ലകളുടെയോ നഗരങ്ങളുടെയോ പേരുകള്‍ മാറ്റുന്നതുപോലെ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ല, അതിന് ഭരണഘടനാ ഭേദഗതി ആവശ്യമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്‍റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന് നേരത്തെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിരുന്നു. സാംസ്‌കാരികവും ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
2016ല്‍ സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷില്‍ ബെംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ എന്നും ഹിന്ദിയില്‍ ബംഗാള്‍ എന്നുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവിധ ഭാഷകളിലുള്ള വ്യത്യസ്ത പേരുകള്‍ അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16