സി.ബി.ഐ തലപ്പത്തെ അഴിച്ചു പണിയില്‍ വിവാദം തുടരുന്നു
ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരായ അലോക് വര്‍മ്മയുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
സി.ബി.ഐ ഡയറക്ടറുടെ ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരായ അലോക് വര്‍മ്മയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയതെന്നാരോപിച്ച് കോമണ്‍ കോസെന്ന എന്‍.ജി.ഒ നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നാരോപിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും.
അര്‍ധരാത്രി ഉത്തരവിറക്കി സി.ബി.ഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്നും മാറ്റിയ നടപടിക്കെതിരായാണ് അലോക് വര്‍മ്മയും എന്‍.ജി.ഒ കോമണ്‍കോസും സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര നടപടി സി.ബി.ഐ നിയമത്തിലെ 4 ബിയുടെ ലംഘനമായതിനാല്‍ ഉത്തവ് റദ്ദാക്കണമെന്നും സ്വതന്ത്രമായ സി.ബി.ഐ ആണ് ആവശ്യമെന്നും അലോകിന്റെ ഹരജിയില്‍ പറയുന്നു. അഭിഭാഷകന്‍ ഗോപാല്‍ ശങ്കര്‍ നാരായണനാണ് അലോകിനായി ഹാജരാവുക.
ഇതിന് പുറമെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താന അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും കോമണ്‍കോസിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്ത് ഭൂഷന്‍ കോമണ്‍ കോസിനായി ഹാജരാകും.
സി.ബി.ഐയുടെയും കേന്ദ്രത്തിന്റെയും വാദവും കോടതികേള്‍ക്കും. ഹരജികളില്‍ കോടതി എന്ത് പ്രതികരണം നടത്തുമെന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16