ബി.ജെ.പിയെ താഴെ ഇറക്കാന്‍ പ്രതിപക്ഷ എെക്യം അനിവാര്യമെന്ന് സ്റ്റാലിന്‍
‘ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പ്രാദേശിക പാർട്ടികളും, മതേതര കക്ഷികളും, ഒരു കുടക്കീഴിൽ ചേർന്നു നിൽക്കേണ്ടത് അത്യാവശ്യമാണ്.’
വർഗീയ ശക്തികളെ കേന്ദ്രത്തിൽ നിന്ന് അകറ്റി നിർത്താൻ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്ന് ഡി.എം.കെ തലവൻ എം.കെ സ്റ്റാലിൻ. പ്രതിപക്ഷ എെക്യമെന്ന ആവശ്യവുമായി ആന്ധ്ര മുഖ്യമന്ത്രിയും, ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഇന്ന് കേന്ദ്രത്തിലുള്ളവർ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവവും, പരമാധികാരവും ഇല്ലായ്മ ചെയ്തിരിക്കുകയാണ്. ഇൗയൊരു അവസരത്തിൽ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പ്രാദേശിക പാർട്ടികളും, മതേതര കക്ഷികളും, ഒരു കുടക്കീഴിൽ ചേർന്നു നിൽക്കേണ്ടത് അത്യാവശ്യമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ വെെരുദ്ധ്യങ്ങൾ മാറ്റി വെച്ച് എല്ലാവര്‍ക്കുമിടയില്‍ എെക്യം രൂപപ്പെടുത്തേണ്ടതുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
നേരത്തെ, നടനും ‘മക്കൾ നീതി മയ്യം’ നേതാവുമായ കമൽ ഹാസനും, എ.എെ.ഡി.എം.കെ വിമത നേതാവായ ടി.ടി.വി ദിനകരനും കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനേക്കാള്‍ ശക്തമായൊരു കേന്ദ്രീകൃത പ്രതിപക്ഷം ഉണ്ടായിരിക്കുന്നതിനാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‍ഗണന കൊടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Adjust Story Font
16