Quantcast

കോണ്‍ഗ്രസിനിത് ‘ചരിത്ര’ വിജയം; ബെല്ലാരി തിരിച്ചു പിടിച്ചത് 14 വര്‍ഷത്തിന് ശേഷം

1999ൽ എ.ഐ.സി.സി അധ്യക്ഷയായ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നായിരുന്നു മല്‍സരിച്ച് വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    6 Nov 2018 11:34 AM GMT

കോണ്‍ഗ്രസിനിത് ‘ചരിത്ര’ വിജയം; ബെല്ലാരി തിരിച്ചു പിടിച്ചത് 14 വര്‍ഷത്തിന് ശേഷം
X

പതിനാല് വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പിക്ക് ബെല്ലാരി ലോക്സഭാ മണ്ഡലം നഷ്ടമാകുന്നത്. കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് ഏറ്റവും വലിയ ഭൂരിപക്ഷമായ 4.78 ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പിക്കെതിരെ കൂറ്റന്‍ മാര്‍ജിന്‍ നേടിയത്. ബി.ജെ.പിയുടെ ജെ.ശാന്തക്ക് 2.93 ലക്ഷം വോട്ടുകള്‍ മാത്രമാണ് ഇത് വരെ നേടാനായത്. പതിമൂന്ന് റൌണ്ടുകള്‍ പൂര്‍ത്തിയായ കൌണ്ടിങ്ങില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് റൌണ്ടുകള്‍ മാത്രമാണ്.

കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഒരിക്കൽ ബെല്ലാരി. 1999ൽ എ.ഐ.സി.സി അധ്യക്ഷയായ സോണിയ ഗാന്ധി ബി.ജെ.പിയുടെ ഇപ്പോഴത്തെ വിദേശ കാര്യ മന്ത്രിയായ സുഷമ സ്വരാജിനെ പരാജയപ്പെടുത്തിയത് ബെല്ലാരിയിൽ നിന്നായിരുന്നു. ചരിത്രപരമായ ആ വിജയത്തിലൂടെയായിരുന്നു സോണിയ തന്റെ തെരെഞ്ഞെടുപ്പ് അങ്കത്തിനും തുടക്കം കുറിച്ചത്. കര്‍ണാടകത്തിലെ ബെല്ലാരിയിൽ നിന്നും ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ നിന്നും ഒരേ സമയം വിജയിച്ച സോണിയ ഗാന്ധി പിന്നീട് അമേത്തി തെരെഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി ബി.ജെ.പി കൈയിലശം വെച്ച മണ്ഡലമായിരുന്നു ബെല്ലാരി.

ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് തങ്ങളുടെ പഴയെ ഉറച്ച പ്രതാപ കോട്ടയാണ് പിടിച്ചടക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് എം.പി ബി. ശ്രീരാമുലു ചിത്ര ദുർഗ ജില്ലയിലെ മോൽകൽമുരു മണ്ഡലത്തിൽ നിന്നും വിജയിച്ചപ്പോൾ ഉണ്ടായതാണ് പുതിയ ഉപ തെരഞ്ഞെടുപ്പ്.

ശ്രീരാമുലു കോൺഗ്രസിന്റെ എൻ.വൈ ഹനുമന്തപ്പയെ 85000 വോട്ടിന് തോൽപ്പിച്ചായിരുന്നു മുൻപ് മണ്ഡലം പിടിച്ചടക്കിയിരുന്നത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് വിജയം രണ്ട് ലക്ഷത്തിന് മുകളിലാണ് എന്നത് കോണ്‍ഗ്രസിന് വരും തെരെഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോൾ മത്സരിച്ച് പരാജയപ്പെട്ട ജെ.ശാന്ത ശ്രീരാമുലുവിന്റെ അനിയത്തിയാണ്.

അതേസമയം, ഉഗ്രപ്പയുടെ വിജയത്തിലൂടെ കോൺഗ്രസിലെ തന്റെ ശക്തി തെളിയിച്ചിരിക്കുകയാണ് ജല വിഭവ മന്ത്രി ഡി.കെ ശിവകുമാർ. ശിവകുമാറിനായിരുന്നു ബെല്ലാരിയുടെ പാർട്ടി ചുമതല. പാർട്ടിയെ എന്ത് വിലകൊടുത്തും വിജയിപ്പിക്കേണ്ടത് ശിവകുമാറിന്റെ കൂടി ബാധ്യതയായിരുന്നു. പലപ്പോഴും ശിവകുമാറും ശ്രീരാമുലുവും തമ്മിലാണ് മത്സരം എന്ന് വരെ പത്രങ്ങൾ എഴുതി പിടിപ്പിച്ചു.

തെരെഞ്ഞെടുപ്പ് നടത്തിപ്പിലെ തല തൊട്ടപ്പൻമാരാണ് ശിവകുമാറും ശ്രീരാമുലുവും. പരസ്പ്പര ധാരണ പ്രകാരം ജെ.ഡി.എസ് ബെല്ലാരിയിൽ മത്സരിക്കാത്തതിനാല്‍ അതും കോണ്‍ഗ്രസിന് നേട്ടമായി. അതേ സമയം ഹൊസപ്പെട്ട എം.എൽ.എ ആനന്ദ് സിങ്ങും ബെല്ലാരിയിലെ എസ്.ടി മണ്ഡലത്തിലെ എം.എൽ.എ ബി.നാഗേന്ദ്രയും ബി.ജെ.പിയിലേക്ക് ചാടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story