Quantcast

വാഗ്ദാനങ്ങള്‍ പാലിച്ചില്ല,ബി.ജെ.പിക്ക് രാജസ്ഥാന്‍ തലവേദനയാകും

2013ല്‍ രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി നല്‍കിയത് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം

MediaOne Logo

Web Desk

  • Published:

    14 Nov 2018 1:20 AM GMT

വാഗ്ദാനങ്ങള്‍ പാലിച്ചില്ല,ബി.ജെ.പിക്ക് രാജസ്ഥാന്‍ തലവേദനയാകും
X

ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ എന്നായിരുന്നു 2014ലെ ലോക്സഭാ തെഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വാഗ്ദാനം. 2013ല്‍ രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി നല്‍കിയത് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം. രണ്ട് വാഗ്ദാനങ്ങളും നടപ്പായില്ലെന്നതാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജസ്ഥാനില്‍ ബി.ജെ.പിയെ വലയ്ക്കുന്നത്.

2010ൽ തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം റാങ്ക് ആയിരുന്നു രാജസ്ഥാന്. എട്ട് വർഷങ്ങൾക്കിപ്പുറം മാറ്റമൊന്നും ഇല്ല.. 2012ൽ തൊഴിൽരഹിതരുടെ എണ്ണം 3.2 ശതമാനം ആയിരുന്നു. 2018ൽ അത് 7.7 ശതമാനത്തിലേക്ക് ഉയര്‍ന്നു. ദേശീയ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ കരിയർ സർവീസിന്റെ മാർച്ച് 31ലെ കണക്കനുസരിച്ച് 8,57,316 തൊഴിൽരഹിതരാണ് രാജസ്ഥാനില്‍. സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും ഒഴിവുകളുടെ എണ്ണം 12,854 മാത്രം.. ഈ തസ്തികകളില്‍ നിയമനം നടന്നാല്‍ ജോലി ലഭിക്കുക, തൊഴിലില്ലാപ്പടയുടെ ഒരു ശതമാനത്തിന്. ഈ കണക്ക് ഔദ്യോഗികമാണ്. 2011ലെ സെൻസസ് അനുസരിച്ച് രാജസ്ഥാനിലെ ജനസംഖ്യയുടെ 55 ശതമാനവും 25 വയസിൽ താഴെയുള്ളവര്‍.

ഈ കണക്കനുസരിച്ചാണെങ്കില്‍ തൊഴില്‍രഹിതരുടെ എണ്ണം 33 ലക്ഷമാകും. 2014ൽ 17000 സർക്കാർ സ്കൂളുകൾ മറ്റ് സ്കൂളുകളിൽ ലയിപ്പിച്ചു. ഇതോടെ നൂറു കണക്കിന് അധ്യാപകർക്ക് തൊഴിലില്ലാതായി. പ്രതിഷേധം ശക്തമായപ്പോൾ 4000 സ്കൂളുകളെ ഒഴിവാക്കി. എങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്ന അധ്യാപകര്‍ ധാരാളം. തൊഴില്‍ അവസരമില്ലെങ്കിലും യുവാക്കളെ തൊഴില്‍ സജ്ജരാക്കാനുള്ള പരിപാടി ആഘോഷമായി നടന്നു.

2014 മുതല്‍ 2017 വരെ ഈ വകയില്‍ സര്‍ക്കാറുണ്ടാക്കിയത് 189.81 കോടിയുടെ ബാധ്യതയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ഭാവി അനിശ്ചിതത്വത്തിലായ യുവാക്കളുടെ രോഷം വോട്ടിംഗില്‍ പ്രതിഫലിച്ചാല്‍, അത് ബി.ജെ. പിയെ കൂടുതല്‍ വിഷമത്തിലാക്കും.

TAGS :

Next Story