പ്രചരണ പരിപാടിയില്‍ പ്രസംഗിക്കാതിരുന്നാല്‍ 25 ലക്ഷം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായി ഒവൈസി
നിര്‍മ്മലിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ കോണ്‍ഗ്രസ് പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.
തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. നിര്‍മ്മലിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ കോണ്‍ഗ്രസ് പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. ഒവൈസി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും തെളിവുകള്‍ പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആയിരുന്നു ഒവൈസി ആരോപണം ഉന്നയിച്ചത്. നിര്‍മ്മല്‍ മണ്ഡലത്തിലെ പ്രചരണ പരിപാടിയില്‍ പ്രസംഗിക്കുന്നത് ഒഴിവാക്കിയാല്‍ 25 ലക്ഷം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി ഫോണ്‍ കോള്‍ റെക്കോര്‍ഡ് കൈവശമുണ്ട്. ഒരാള്‍ക്കും തന്നെ അത്തരത്തില്‍ സ്വാധീനിക്കാനോ വിലക്ക് വാങ്ങാനോ ആകില്ലെന്നുമായിരുന്നു ഒവൈസിയുടെ പ്രസ്താവന. ഒവൈസിയുടെ സമീപനം ബി.ജെ.പിയെ പോലെയാണെന്നും പരിപാടിക്ക് ആളെ കൂട്ടാനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നിക്കുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി.
ഒവൈസിയുടെ കൈവശമുള്ള തെളിവുകള്‍ പുറത്ത് വിടണമെന്ന് നിര്‍മ്മല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേശ്വര്‍ റെഡ്ഢി വെല്ലുവിളിച്ചു. നിര്‍മ്മല്‍ മണ്ഡലത്തില്‍ എ.ഐ.എം.എമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി ഇന്ദ്രകരണ്‍ റെഡ്ഢിക്കായി പ്രചരണത്തിനെത്തിയതായിരുന്നു ഒവൈസി.
Adjust Story Font
16