Quantcast

2014 ല്‍ 282, ഇപ്പോളത് 269: ലോക്സഭയില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പി

ശ്രീനഗർ ലഡാക്കിലെ ബി.ജെ.പി എം.പി തപ്സ്താൻ ചെവാങ് പാർട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവെച്ചതോട ബി.ജെ.പിയുടെ ലോക്‍സഭ ഭൂരിപക്ഷം 269 സീറ്റായി കുറഞ്ഞിരിക്കയാണ്.

MediaOne Logo

Web Desk

  • Published:

    23 Nov 2018 9:20 AM GMT

2014 ല്‍ 282, ഇപ്പോളത് 269: ലോക്സഭയില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പി
X

പതിനാറാം ലോക്സഭയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും, അടിക്കടിയുണ്ടായ തിരിച്ചടികളോടെ ഇപ്പോള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കയാണ്.

282 സീറ്റുമായാണ് 2014 ൽ ബി.ജെ.പി അധികാരത്തിൽ എത്തിയത്. അതാണ് ഇന്ന് 269ൽ എത്തി നില്‍ക്കുന്നത്. 282 സീറ്റില്‍, സുമിത്ര മഹാജന്‍ സ്പീക്കറായതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാറില്ല. അപ്പോള്‍ ബി.ജെപിയുടെ പ്രാതിനിധ്യം 281 സീറ്റായി. പക്ഷേ, രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍ കൂടി വന്നപ്പോള്‍ അത് വീണ്ടും 283 ആയി.

അതിനിടയ്ക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി ഗോപിനാഥ് മുണ്ടെ അന്തരിച്ചു. ജൂണ്‍ മൂന്നിനാണ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും, ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ സീറ്റ് 283 തന്നെയായി നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ, ബീഡ് ലോക്‌സഭാ മണ്ഡലം നിലനിര്‍ത്തിയത്.

പക്ഷേ മധ്യപ്രദേശ് എം.പി ദിലീപ് സിങ് ഭൂരിയയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരുന്നത് പരാജയമായിരുന്നു. ഫലമോ സീറ്റ് വീണ്ടും 282 ആയി. രത്‌ലം-ജാബുവ മണ്ഡലത്തില്‍ ദിലീപിന്റെ മകളായ നിര്‍മല ഭൂരിയയെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസിനായിരുന്നു ഇവിടെ ജയം.

ഗുരുദാസ് പൂര്‍ എം.പിയായ വിനോദ് ഖന്നയുടെയും അജ്മീര്‍ എം.എല്‍.എ സന്‍വര്‍ലാല്‍ ജാട്ടിന്റെയും രാജസ്ഥാന്‍ എം.പി ചന്ദനാഥ് യോഗിയുടെയും മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് സീറ്റ് നഷ്ടമായി. ഇതോടെ ലോക്സഭ സീറ്റ് 279 ആയി മാറി.

യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നും യു പിയില്‍ തന്നെ കേശവ് മൌര്യ രാജിവെച്ചതിനെ തുടര്‍ന്നും മഹാരാഷ്ട്ര എം. പി നാനാ പഠോളെ രാജിവെച്ചതിനെ തുടര്‍ന്നും നടന്ന ഉപതെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് തിരിച്ചടിയായി. ലോക്സഭ സീറ്റ് പ്രാതിനിധ്യം 276ലേക്കും ചുരുങ്ങി.

കേശവ് മൌര്യ
നാനാ പഠോള

യു.പിയിലെ മറ്റൊരു എം.പി ഹുക്കും സിങിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പും ബി.ജെ.പിക്ക് ഭീഷണിയായി. ആ ഉപതെരഞ്ഞെടുപ്പിലും തോല്‍വിയാണ് ബി.ജെ.പിയെ കാത്തിരുന്നത്. ബിഹാര്‍ എം.പി ഭോലസിങിന്റെ മരണത്തോടെ സീറ്റ് 274 ആയി. പക്ഷേ മണ്ഡലത്തില്‍ ഇനിയും ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

കര്‍ണാടകത്തിൽ നിന്നുള്ള അംഗങ്ങളായ ബി. എസ് യെദ്യൂരപ്പയും ശ്രീരാമലുവും എം.പി സ്ഥാനം രാജിവച്ച് എം.എൽ.എമാരായതോടെ സീറ്റ് 272 ആയി.

ഏറ്റവുമവസാനം, ലഡാക്കിലെ ബി.ജെ.പി എം.പി തപ്സ്താൻ ചെവാങ് പാർട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവെച്ചതോട ബി.ജെ.പിയുടെ ലോക്‍സഭ ഭൂരിപക്ഷം 269 സീറ്റായി കുറഞ്ഞിരിക്കയാണ്. കൂടെ രാജസ്ഥാനിലെ ദൗസ എം.പി ഹരീഷ് ചന്ദ്ര മീണയുടെ രാജിയും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മരണവും കൂടിയായപ്പോള്‍ 3 സീറ്റ് കൂടി കുറയുകയായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളാണ് തപ്സ്താൻ ചെവാങ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അദ്ദേഹം മറ്റു പാർട്ടികളിൽ ചേരില്ലെന്നും ആധ്യാത്മിക പാതയിലാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു. 2014 ൽ കോൺഗ്രസ് വിമതനെതിരെ 36 വോട്ടിനായിരുന്നു ചെവാങ്ങിന്റെ ജയം. ഈയിടെ നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ലഡാക് മേഖല കോൺഗ്രസ് തൂത്തുവാരിയിരുന്നു.

2014-ൽ 44 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 48 സീറ്റുണ്ട്. പക്ഷേ, ഇനിയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചാലും പ്രതിപക്ഷനേതാവിനായി വാദിക്കാൻ ആവശ്യമായ 55 എന്ന സംഖ്യയിലെത്താൻ കോൺഗ്രസിന് കഴിയില്ല.

TAGS :

Next Story