‘ഹേ കാവല്‍ക്കാരാ... എന്റെ മകന്‍ നജീബ് എവിടെ’
കാവൽക്കാരൻ എന്ന് പറഞ്ഞ് നടക്കുന്ന പ്രധാനമന്ത്രി അതിന് അർഹനല്ല എന്നാണ് ഫാത്തിമ നഫീസ് പറഞ്ഞത്
പൊതുതെരഞ്ഞെടുപ്പിൽ ‘ഞാനും കാവൽക്കാരൻ’ എന്ന ബി.ജെ.പിയുടെ പ്രചാരണ വാക്യത്തെ ആക്രമിച്ച് ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമാ നഫീസ്. രാഹുൽ ഗാന്ധി തുടക്കം കുറിച്ച്, ദേശവ്യാപകമായി പ്രചരിപ്പിച്ച ‘ചൗകീദാർ ചോർ ഹെ’ എന്ന വാക്യം, പ്രതിപക്ഷം ഏറ്റുപിടിച്ചതോടെയാണ് അതിന് മറുപടിയായി ‘മേം ഭി ചൗകീദാർ’ (ഞാനും കാവൽക്കാരൻ) എന്ന പ്രചരണ വാചകം പാർട്ടി തെരഞ്ഞെടുത്തത്.
കാവൽക്കാരൻ എന്ന് പറഞ്ഞ് നടക്കുന്ന പ്രധാനമന്ത്രി അതിന് അർഹനല്ല എന്നാണ് ഫാത്തിമ നഫീസ് പറഞ്ഞത്. രാജ്യത്തിന്റെ കാവൽക്കാരനാണ് എങ്കിൽ തന്റെ മകൻ നജീബ് എവിടെയാണെന്നും, നജീബിനെ അക്രമിച്ച എ.ബി.വി.പി ഗുണ്ടകളെ എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഫാത്തിമ നഫീസ് ചോദിച്ചു. തന്റെ മകനെ കണ്ടെത്തുന്നതിൽ രാജ്യത്തെ ഉയർന്ന മൂന്ന് ഏജൻസികളും പരാജയപ്പെട്ടതെന്തേ എന്നും ഫാത്തിമ നഫീസ് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു.
സി.ബി.ഐ അന്വേഷണത്തിൽ ഉൾപ്പടെ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായതായി ഫാത്തിമ നഫീസ് ചൂണ്ടിക്കാണിക്കുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് 2018 ഒക്ടോബർ പതിനഞ്ചിന് ഡൽഹി ഹെെകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറഞ്ഞത്.
ജെ.എൻ.യു വിദ്യാർഥിയായിരുന്ന 27കാരനായ നജീബ് അഹമ്മദിനെ 2016 ഒക്ടോബർ പതിനഞ്ചിന് കോളേജ് ഹോസ്റ്റലിൽ എ.ബി.വി.പി വിദ്യാർഥികളുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് കാണാതാവുകയായിരുന്നു. എന്നാൽ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 9 വിദ്യാർഥികളും ആരോപണം നിഷേധിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യവും ഹെെകോടതി തള്ളുകയാണുണ്ടായത്.
അതിനിടെയാണ് തെരഞ്ഞെടുപ്പിനായി കാവൽക്കാരൻ പ്രയോഗവുമായി നരേന്ദ്ര മോദിയും പാർട്ടിയും രംഗത്തെത്തിയത്. ഇതിന് മറുപടിയായി രാജ്യത്തിന്റെ കാവൽക്കാരൻ തന്റെ മകനെ കണ്ടെത്തി തരണമെന്നാണ് ഫാത്തിമ നഫീസ് പറഞ്ഞത്.
Adjust Story Font
16