കിഫ്ബി മോഡൽ കടമെടുത്ത് കേന്ദ്രസർക്കാർ; നിയമനിർമാണ നടപടികൾക്ക് ഇന്ന് തുടക്കം
പണലഭ്യതയിൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള പിന്തുണ ലഭിക്കുന്ന സ്ഥാപനമാകും ഡിഎഫ്‌ഐ എന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി: അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്രധനമന്ത്രാലം ആവിഷ്‌കരിച്ച ഡവലപ്‌മെന്റ് ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷനായുള്ള (ഡിഎഫ്‌ഐ) നിയമനിർമാണം ഇന്നാരംഭിക്കും. കേരളത്തിൽ നടപ്പാക്കിയ കിഫ്ബി മോഡൽ സ്ഥാപനമാണിത്. ഇതിനായുള്ള നാഷണൽ ബാങ്ക് ഫോർ ഫൈനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്‌മെന്റ് ബിൽ (എൻബിഎഫ്‌ഐഡി) ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
ഒരുലക്ഷം കോടി രൂപയാണ് ഡിഎഫ്‌ഐയുടെ മൂലധനം. 26 ശതമാനം ഓഹരി എല്ലാ കാലത്തും സർക്കാറിന്റെ കൈയിലായിരിക്കും. മൂന്നു ലക്ഷം കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് സ്ഥാപനം സാമ്പത്തികമായി സഹായിക്കും. കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഡിഎഫ്‌ഐ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ഇരുപതിനായിരം കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ആർബിഐയുടെ പിന്തുണ
പണലഭ്യതയിൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള പിന്തുണ ലഭിക്കുന്ന സ്ഥാപനമാകും ഡിഎഫ്‌ഐ എന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. നിലയിൽ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുമായി നേരിട്ട് ബന്ധങ്ങളില്ല. റിസർവ് ബാങ്കിൽ തിരിച്ചടവ് നിബന്ധനകളോട് നേരിട്ട് പണം കടമെടുക്കാനുള്ള അനുമതിയാണ് സ്ഥാപനത്തിന് ഉണ്ടാകുക. സർക്കാർ ഗ്യാരണ്ടിയുമുണ്ടാകും.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷേപമിറക്കാനും വായ്പ നൽകാനും ഡിഎഫ്‌ഐക്കാകും. കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളെ സംയോജിപ്പിക്കാനുള്ള ചുമതലയുമുണ്ടാകും.
പ്രാദേശിക-അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വായ്പകളാണ് ഡിഎഫ്‌ഐയുടെ പ്രധാന വരുമാന സ്രോതസ്സ്. കിഫ്ബിയെ പോലെ ബോണ്ടുകളും പുറത്തിറക്കാൻ ആലോചനയുണ്ട്. ലോകബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക്, ന്യൂഡവലപ്‌മെന്റ് ബാങ്ക് എന്നിവയിൽ നിന്നെല്ലാം ഫണ്ടുകൾ സ്വീകരിക്കും.
പദ്ധതി പ്രഖ്യാപിച്ച വേളയില്‍ തന്നെ നിര്‍ദിഷ്ട സ്ഥാപനം കിഫ്ബിയുടെ പതിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. കിഫ്ബി ഭരണഘടനാ വിരുദ്ധമാണ് എന്ന് പറയുന്നവര്‍ തന്നെയാണ് കേരള മാതൃക സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16