Quantcast

'കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു'; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം

വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    1 April 2021 9:50 AM GMT

കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം
X

പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

"ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം"- ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ച് മമത ബാനര്‍ജി അറിയിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ എംപി ഡെറക് ഒബ്രിയാനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇവിഎമ്മിന്‍റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും മഹുവ പറഞ്ഞു.

വോട്ടെടുപ്പ് പുരോഗമിക്കവേ ഒരു തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ വെട്ടേറ്റു മരിക്കുകയും ഒരു ബിജെപി പ്രവത്തകനെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. അക്രമ സംഭവങ്ങൾക്കിടയിലും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

തൃണമൂൽ കോൺഗ്രസ്‌ പോളിങ് സ്റ്റേഷനുകളിൽ അടക്കം അക്രമം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്നും കേന്ദ്ര സേന അംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും ടിഎംസി തിരിച്ചടിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story