വാക്സിന്‍ വിതരണം വൈകുന്നു; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ആസ്ട്രസെനക
ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യയിൽ വിതരണം ചെയ്തു. 60 ദശലക്ഷമാണ് കയറ്റുമതി ചെയ്തത്.
വാക്സിന്‍ വിതരണം വൈകിയതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക നോട്ടീസ് അയച്ചതായി സൂചന. മറ്റു രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രനടപടിയിലും മറ്റും ആസ്ട്രസെനകയ്ക്ക് വിശദീകരണം നല്‍കാന്‍ പ്രയാസമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്നു വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച്, വിതരണം ചെയ്യുന്നത്. നിലവിൽ പ്രതിമാസം 60 മുതൽ 65 വരെ ദശലക്ഷം ഡോസ് വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്നത്.
ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യയിൽ വിതരണം ചെയ്തു. 60 ദശലക്ഷം ഡോസാണ് കയറ്റുമതി ചെയ്തത്. ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആസ്ട്രസെനക്ക വാക്സിന്‍ വിതരണം ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന് കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകുന്നതിന് ഏകദേശം 3000 കോടിയോളം രൂപ അടിയന്തരമായി ആവശ്യമുണ്ടെന്നും പൂനാവാല അറിയിച്ചിരുന്നു. മെയ് അവസാനത്തോടെ ഒരു മാസത്തിലെ ഉത്പാദനം 100 ദശലക്ഷം ഡോസില്‍ കൂടുതലായി വര്‍ധിപ്പിക്കാന്‍ ഈ തുക അത്യാവശ്യമാണെന്നാണ് വിശദീകരണം.
കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമാക്കുന്നതിന് കഴിഞ്ഞ മാസമാണ് കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവെച്ചത്. ഡോസ് ഒന്നിന് 200 രൂപ എന്ന നിലയിലായിരുന്നു ആദ്യ ഓര്‍ഡറെങ്കില്‍ പുതിയ കരാർ പ്രകാരം ജി.എസ്.ടി അടക്കം ഡോസ് ഒന്നിന് 157.50 രൂപയാണ് വില.
Adjust Story Font
16