"അഭിനന്ദനെ രക്ഷിച്ചത് പോലെ എന്റെ ഭർത്താവിനെയും രക്ഷിക്കൂ മോദിജി": മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ജവാന്റെ ഭാര്യ
വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആർ.പി.എഫ് ജവാന്റെ കുടുംബം ജമ്മു അക്‌നൂർ റോഡ് ഉപരോധിച്ചു. ത്രിവർണ പതാകയുമേന്തി സമരം ചെയ്ത അവർ ജവാന്റെ സുരക്ഷിത മോചനത്തിന് ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിച്ചു.
"അഭിനന്ദനെ പാകിസ്ഥാനിൽ നിന്നും മോചിപ്പിച്ച പോലെ എന്റെ ഭർത്താവിനെയും രക്ഷിക്കൂ മോദിജി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. ഒരു ഓപ്പറേഷന് വേണ്ടി പോവുകയാണെന്നും പിന്നീട് വിളിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്." - രാകേശ്വർ സിംഗ് മൻഹാസ് എന്ന ജവാന്റെ ഭാര്യ പറഞ്ഞു. ഏപ്രിൽ രണ്ടിന് നടന്ന മാവോയിസ്റ് ആക്രമണത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ജമ്മു സ്വദേശിയായ മൻഹാസിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
"അദ്ദേഹം ചൈനയിലോ പാകിസ്ഥാനിലോ അല്ല, നമ്മുടെ രാജ്യത്ത് തന്നെയാണ്. എന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കുന്നില്ല?" പ്രതിഷേധത്തിൽ പങ്കെടുത്ത ജവാന്റെ മറ്റൊരു ബന്ധു ചോദിച്ചു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു. " എന്റെ സഹോദരനെ തിരിച്ച് വേണം. അദ്ദേഹത്തെ തിരിച്ച് തരൂ."ജവാന്റെ സഹോദരി പറഞ്ഞു.
Adjust Story Font
16