Quantcast

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും ചുവരെഴുത്തും: കശ്മീരില്‍ 21 പേര്‍ക്കെതിരെ കേസ്

കറുത്ത പെയിന്‍റ് കൊണ്ട് ആ ചിത്രം മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് ചിത്രകാരന്‍റെ കുടുംബം..

MediaOne Logo

Web Desk

  • Updated:

    2021-05-16 06:47:17.0

Published:

16 May 2021 5:08 AM GMT

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും ചുവരെഴുത്തും: കശ്മീരില്‍ 21 പേര്‍ക്കെതിരെ കേസ്
X

ഫലസ്തീൻ അനുകൂല റാലികളുടെയും ചുവരെഴുത്തുകളുടെയും പേരില്‍ ജമ്മു കശ്മീരില്‍ 21 പേര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെ ശ്രീനഗറിലും ഒരാള്‍ക്കെതിരെ ഷോപ്പിയാനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഐ.ജി.പി വിജയ് കുമാറിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറിലെ പാഡ്‌ഷാഹി ബാഗിലും സഫ കടൽ പ്രദേശങ്ങളിലും ഫലസ്തീന്‍ അനുകൂല റാലികള്‍ നടന്നിരുന്നു. ഒരു ചെറിയ സംഘം ഇസ്രായേലി പതാക കത്തിക്കുകയും പലസ്തീൻ അനുകൂല ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തു. ഇതിന്‍റെ പേരില്‍ അറസ്റ്റിലായവരിൽ ഒരു ചിത്രകാരനുമുണ്ട്.

കരയുന്ന ഫലസ്തീൻ സ്ത്രീയുടെ ചിത്രം വരച്ച്, "ഞങ്ങൾ ഫലസ്തീൻ"എന്ന മുദ്രാവാക്യം എഴുതിയതിനാണ് ചിത്രകാരന്‍ മുദാസിറിനെ അറസ്റ്റ് ചെയ്തത്. കറുത്ത പെയിന്‍റ് കൊണ്ട് ആ ചിത്രം മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് ചിത്രകാരന്‍റെ കുടുംബം പറഞ്ഞു. ഫലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തവരെ അര്‍ധരാത്രി വീടുകളിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫലസ്തീന് വേണ്ടി പ്രാര്‍ഥിച്ച സർജൻ അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഫലസ്തീനിലെ ദൌര്‍ഭാഗ്യകരമായ സംഭവത്തെ ചൊല്ലി കശ്മീർ താഴ്‌വരയിലെ ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം മനസ്സിലാവുന്നുണ്ട്. പക്ഷേ ക്രമസമാധാനം ഉറപ്പാക്കാന്‍ ജമ്മു കശ്മീർ പോലീസിന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ജനരോഷം അക്രമത്തിലേക്ക് വഴിമാറാന്‍ അനുവദിക്കില്ലെന്നും ഐ.ജി.പി വിജയ് കുമാര്‍ പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ മറിടന്നാലും നടപടിയുണ്ടാകുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story