'കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി സഖ്യം ചേരണം'; ഉദ്ദവ് താക്കറെയോട് ശിവസേന എംഎൽഎ
നരേന്ദ്ര മോദിക്കൊപ്പം ചേർന്നാൽ തനിക്കും മറ്റ് നേതാക്കൾക്കുമെതിരെ നടക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ അനാവശ്യവേട്ടയെങ്കിലും അവസാനിപ്പിക്കാനാകുമെന്ന് സേന എംഎൽഎ പ്രതാപ് സർനായിക് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞു
കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രിയോട് പരാതിയുമായി ശിവസേന എംഎൽഎ. പ്രതാപ് സർനായിക് ആണ് പരാതിയുമായി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിരിക്കുന്നത്. ഈ സ്ഥിതിയിൽ ബിജെപിയുമായി സഖ്യം ചേരുന്നതാണു നല്ലതെന്നും പ്രതാപ് കത്തിൽ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര മഹാസഖ്യത്തിലെ അഭിപ്രായ ഭിന്നതകൾ ചർച്ചയാകുന്നതിനിടെയാണ് സേന എംഎല്‍എയുടെ അഭിപ്രായ പ്രകടനം.
നരേന്ദ്ര മോദിയുമായി സഖ്യം ചേരുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. തനിക്കും അനിൽ പരബ്, രവിന്ദ്ര വൈകാർ അടക്കമുള്ള മറ്റ് സേന നേതാക്കൾക്കുമെതിരെ നടക്കുന്ന അനാവശ്യവേട്ട അതുവഴി അവസാനിപ്പിക്കുകയെങ്കിലും ചെയ്യാമെന്നാണ് പല പ്രവർത്തകരുടെയും അഭിപ്രായം. ഒരു കുറ്റകൃത്യവും ചെയ്യാതിരുന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ അനാവശ്യമായി ഞങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കേസിൽ ജാമ്യം ലഭിച്ചപ്പോൾ ഉടൻതന്നെ മറ്റൊരു കേസിൽ മനപ്പൂർവം കുടുക്കിയിരിക്കുന്നു-പാർട്ടി തലവന് എഴുതിയ കത്തിൽ സേന എംഎൽഎ പരാതിപ്പെട്ടു.
അമ്പെറിയുന്നവൻ അഭിമന്യുവിനുപകരം അർജുനനെപ്പോലെ പോരാടണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. വരാനിരിക്കുന്ന ബിഎംസി, താനെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി സഖ്യം ചേരണമെന്നും പ്രതാപ് സര്‍നായിക് അപേക്ഷിച്ചു.
പ്രതാപ് സർനായിക്കും കുടുംബവും നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നുണ്ട്. ടോപ്‌സ് ഗ്രൂപ്പ് കേസിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ ഇഡി ഇദ്ദേഹത്തിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഡിസംബറിൽ എംഎൽഎയെ ചോദ്യം ചെയ്യുകയും രണ്ടുതവണ സമൻസ് അയക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി(എംവിഎ) സഖ്യത്തിലെ എംഎൽഎമാർ നേരിടുന്ന ഗൗരവമുള്ള വിഷയത്തിലേക്കാണ് എംഎൽഎയുടെ കത്ത് ചൂണ്ടിക്കാട്ടുന്നതെന്ന് ശിവസേനാ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചു. ശിവസേനയുമായും എൻസിപിയുമായും ചേർന്നുള്ള മഹാസഖ്യം അഞ്ചു വർഷത്തേക്കു മാത്രമുള്ളതാണെന്ന് നേരത്തെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടോലെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16