'രാജ്യത്തെ രക്ഷിക്കാൻ മറ്റൊരു മൻമോഹൻ സിങ്ങിനേ കഴിയൂ': ശിവസേന
"സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് എങ്ങനെ കര കയറാം എന്നതിനെ കുറിച്ച് മോദിയും ധനമന്ത്രിയും മിണ്ടുന്നേയില്ല"
മുംബൈ: തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ മറ്റൊരു മൻമോഹൻ സിങ്ങിനെ കൊണ്ടു മാത്രമേ സാധിക്കൂവെന്ന് ശിവസേന. മാന്ദ്യത്തെ കുറിച്ചും തൊഴില്ലായ്മയെ കുറിച്ചും പ്രധാനമന്ത്രിയോ ധനമന്ത്രിയോ മിണ്ടുന്നില്ലെന്നും മാന്ദ്യം സമ്പൂർണമാണ് എന്നും സേനാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു.
' സാമ്പത്തിക മേഖലയെ പിടിച്ചുയർത്താൻ ഒരു പുതിയ മൻമോഹൻ സിങ്ങ് വരേണ്ടതുണ്ട്. രവീന്ദ്രനാഥ് ടാഗോറിന്റെ റോളാണ് ഇപ്പോൾ മോദി ചെയ്തു കൊണ്ടിരിക്കുന്നത്. റൂസ്‌വൽറ്റിന്റെ റോളാണ് ഇപ്പോൾ ഏറ്റെടുക്കേണ്ടത്' - റാവുത്ത് വ്യക്തമാക്കി.
'കൊറോണ രാജ്യത്ത് ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ ആവശ്യത്തിന് ഓക്‌സിജനില്ല. കോവിഡ് വാക്‌സിന്റെ കുറവുമുണ്ട്. കോവിഡ് തരംഗത്തിൽ രാജ്യത്തെ സാമ്പത്തിക മേഖല തകർന്നടിഞ്ഞു. ഓഹരി വിപണിയും താഴോട്ടു പോയിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം മാന്ദ്യമുണ്ട്. ഇന്ത്യ പോലുള്ളൊരു രാജ്യത്ത് ഉത്പാദനം മന്ദീഭവിച്ചു. ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധിയിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ മറ്റൊരു മൻമോഹൻ സിങ് ഉണ്ടാകേണ്ടതുണ്ട്' - അദ്ദേഹം പറഞ്ഞു.
മാന്ദ്യത്തിൽ നിന്ന് എങ്ങനെ കര കയറാം എന്നതിനെ കുറിച്ച് മോദിയും ധനമന്ത്രിയും മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാന്ദ്യത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഉത്തരങ്ങളില്ല. രാജ്യത്തെ ധനമന്ത്രിയെ എവിടെയും കാണാനേയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗൺ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളുടെ വിലയിരുത്തൽ. ഇതിനു പുറമേ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.
Adjust Story Font
16