പ്രകോപനപരമായ പരാമര്‍ശം വേണ്ട; ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡൽഹി ഹൈക്കോടതി
കൊറോണില്‍ കിറ്റിന്‍റെ തെറ്റായ പ്രചരണത്തില്‍ നിന്ന് രാംദേവിനെ തടയണമെന്ന് ചൂണ്ടിക്കാട്ടി ഡി.എം.എയാണ് കോടതിയെ സമീപിച്ചത്.
യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡൽഹി ഹൈക്കോടതി. കൊറോണിൽ കിറ്റിനുവേണ്ടി പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി രാംദേവിന് സമന്‍സ് അയച്ചു.
കോവിഡിനെതിരായ മരുന്നാണെന്ന പേരില്‍ പതഞ്ജലിയുടെ കൊറോണില്‍ കിറ്റിനുവേണ്ടി നടത്തുന്ന പ്രചരണങ്ങള്‍ പൊതുജനങ്ങളില്‍ വന്‍തോതില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഡി.എം.എയുടെ ആരോപണം. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തു.
ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കോവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. കോവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടർമാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാംദേവ് മാപ്പു പറയണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ദേശീയതലത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16