Quantcast

രോഗവ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി 

മെയ് മൂന്നിന് വൈകീട്ട് അഞ്ചുവരെ ലോക്ക്ഡൗണ്‍ തുടരും.

MediaOne Logo

Web Desk

  • Published:

    25 April 2021 7:55 AM GMT

രോഗവ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി 
X

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം അതീവ രൂക്ഷമാകുന്നു. പ്രതിദിന കേസുകളും മരണ നിരക്കും കുതിച്ചുയരവെ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. മെയ് മൂന്നിന് വൈകീട്ട് അഞ്ചുവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിലവിലുള്ള ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

മെയ് മൂന്നുവരെ തലസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്ക് മാത്രമെ അനുമതിയുള്ളൂ. പത്തുലക്ഷത്തിലധികം പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24,000ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രോഗ ബാധിതരായത്. 357 പേര്‍ മരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

ഡല്‍ഹി നേരിടുന്ന ഓക്സിജന്‍ ക്ഷാമത്തിന് ഇതുവരെ പൂര്‍ണ പരിഹാരമായിട്ടില്ല. പ്രതിദിന ഓക്സിജൻ വിതരണവിഹിതം 480 ടണ്ണിൽ നിന്ന് 490 ടണ്ണിലേക്കാണ് കേന്ദ്രം കൂട്ടിയിരുന്നെങ്കിലും 700 മെട്രിക് ടണ്ണെങ്കിലും പ്രതിദിനം ഓക്സിജൻ ലഭിച്ചാലേ ഡല്‍ഹിയില്‍ നിലവിലുള്ള ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാനാവൂ.

അതേസമയം, 490 ടൺ നൽകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും, 335 ടൺ വരെ മാത്രമേ ഓക്സിജൻ ആശുപത്രികളിലെത്തുന്നുള്ളൂ എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വിശദീകരണം. ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായതോടെ മിക്ക ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

TAGS :

Next Story