ആശുപത്രി കിടക്ക കിട്ടുമോയെന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത ജാമിഅ അധ്യാപിക മരിച്ചു
'അവള്‍ അവളുടെ ഉമ്മയെ ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് തോന്നുന്നു. ഉമ്മയോടൊപ്പം പോയി. ഞാന്‍ തനിച്ചായി' എന്നാണ് പിതാവ് കണ്ണീരോടെ പറഞ്ഞത്.
കോവിഡ് പോസിറ്റീവായി ആരോഗ്യനില ഗുരുതരമായപ്പോള്‍ ആശുപത്രിക്കിടക്ക കിട്ടുമോ എന്നാരാഞ്ഞ് ട്വീറ്റ് ചെയ്ത ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ മരിച്ചു. 38കാരിയായ ഡോ. നബീല സാദിഖ് ആണ് മരിച്ചത്.
ഡോ. നബീല സാദിഖ് ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികളെ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിരുന്നു. നബീല മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് മാതാവ് നുസാത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പിതാവിനും രോഗം ബാധിച്ചെങ്കിലും ഭേദമായി.
ഡോ. നബീലയുടെ ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിക്കിടയ്ക്കായി പരമാവധി ശ്രമിച്ചിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചു. അതിനിടയിലാണ് മാതാവ് കോവിഡ് പോസിറ്റീവായത്. മാതാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നബീലയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മാതാവ് മരിച്ച കാര്യം അവരെ അറിയിച്ചില്ല. ഓക്സിജന്‍റെ അളവ് താഴ്ന്ന നിലയിലായിരുന്നു. തിങ്കഴാഴ്ച രാത്രിയാണ് നബീലയുടെ മരണം സംഭവിച്ചത്.
മാതാപിതാക്കളെ ഓര്‍ത്ത് നബീല ആശങ്കയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രോഗം ഈ നിലയില്‍ പോവുകയാണെങ്കില്‍ ഒരാള്‍ പോലും ഡല്‍ഹിയില്‍ ബാക്കിയാവുകയില്ലെന്നാണ് നബീല മെയ് 2ന് അവസാനമായി ട്വീറ്റ് ചെയ്തത്.
ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി നേടിയ നബീല വിദ്യാര്‍ഥികളോട് ഏറെ കരുതല്‍ കാണിച്ചിരുന്ന, കവിതകള്‍ എഴുതുമായിരുന്ന, രാഷ്ട്രീയം ചര്‍ച്ച ചെയ്യുമായിരുന്ന മികച്ച അധ്യാപികയായിരുന്നുവെന്ന് അവര്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. നബീലയുടെ പിതാവ് അലിഗഡിലും ജെഎന്‍യുവിലും പ്രൊഫസറായിരുന്നു. 'അവള്‍ അവളുടെ ഉമ്മയെ ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് തോന്നുന്നു. ഉമ്മയോടൊപ്പം പോയി. ഞാന്‍ തനിച്ചായി' എന്നാണ് ആ പിതാവ് കണ്ണീരോടെ പറഞ്ഞത്.
Adjust Story Font
16