'മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ല'; നെസ്‌ലെയുടെ റിപ്പോർട്ട് പുറത്ത്
ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. കിറ്റ്കാറ്റ്, മാഗി നൂഡ്ൽസ്, നെസ്‌കഫെ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഏറെ ജനപ്രിയമാണ്.
മുംബൈ: മാഗി നൂഡിൽസ് ഉൾപ്പെടെ വിപണിയിലുള്ള തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സ്വിസ് ഭക്ഷ്യനിർമാതാക്കളായ നെസ്‌ലെ. 'ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം' കണ്ടെത്താൻ പരാജയപ്പെടുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഉയർന്ന തസ്തികയിലുള്ള എക്‌സിക്യൂട്ടീവുകൾക്ക് കമ്പനി അയച്ച രഹസ്യറിപ്പോർട്ടാണ് പുറത്തായത്. ബ്രിട്ടീഷ് മാധ്യമമായ ഫൈനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
'നമ്മുടെ ചില ഉൽപ്പന്നങ്ങൾ ഒരിക്കലും ആരോഗ്യപ്രദമല്ല. മുഖ്യധാരയിലുള്ള 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം പാലിക്കുന്നില്ല. പോഷകാവശ്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് തങ്ങൾ..' - എന്നിങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ ഫുഡ്-ബീവറേജസ് കമ്പനിയാണ് നെസ്‌ലെ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. കിറ്റ്കാറ്റ്, മാഗി നൂഡ്ൽസ്, നെസ്‌കഫെ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഏറെ ജനപ്രിയമാണ്.
ഇന്ത്യയിൽ നെസ്‌ലെയ്ക്ക് എട്ട് ഉൽപ്പാദക യൂണിറ്റുകലാണ് ഉള്ളത്. 2020ൽ 13,290 കോടി രൂപയാണ് കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് 2600 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ നെസ്‌ലെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആഗോള വരുമാനത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇതാദ്യമായല്ല നെസ്‌ലെ ഇന്ത്യയിൽ പ്രതിസന്ധി നേരിടുന്നത്. 2014ൽ യുപിയിലെ ബാരബങ്കി ജില്ലയിൽ നടത്തിയ പരിശോധനയിൽ മാഗി നൂഡിൽസിൽ കൂടിയ അളവിൽ മോണോസോഡിയം ഗ്ലുടാമേറ്റ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ നിന്ന് 38000 ടൺ നൂഡിൽസാണ് നെസ്‌ലെയ്ക്ക് പിൻവലിക്കേണ്ടി വന്നത്. കമ്പനിയുടെ ഓഹരിയിലും വൻ ഇടിവു രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16