Quantcast

ജനിച്ചതും വളര്‍ന്നതും ഒന്നിച്ച്.. അവരെ കോവിഡ് കൊണ്ടുപോയതും ഒന്നിച്ച്..

ഒരാളില്ലാതെ മറ്റേയാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. അവരെ വേര്‍പിരിക്കാന്‍ ആര്‍ക്കുമാവില്ലായിരുന്നുവെന്ന് അമ്മ..

MediaOne Logo

Web Desk

  • Published:

    18 May 2021 6:47 AM GMT

ജനിച്ചതും വളര്‍ന്നതും ഒന്നിച്ച്.. അവരെ കോവിഡ് കൊണ്ടുപോയതും ഒന്നിച്ച്..
X

ജനനം മുതല്‍ 24 വയസ്സ് വരെ അവര്‍ എപ്പോഴും ഒന്നിച്ചായിരുന്നു. വളര്‍ന്നതും പഠിച്ചതും സ്വപ്നങ്ങള്‍ കണ്ടതുമെല്ലാം ഒരുമിച്ച്.. ഒടുവില്‍ അടുത്തടുത്ത മണിക്കൂറുകളില്‍ കോവിഡ് ആ ഇരട്ട സഹോദരങ്ങളുടെ ജീവന്‍ കവര്‍ന്നു. ആ മാതാപിതാക്കളുടെ കണ്ണുനീര് തോരുന്നില്ല..

മീററ്റിലെ സെന്‍റ് തോമസ് സ്കൂളിലെ അധ്യാപക ദമ്പതികളാണ് ഗ്രിഗറി റെയ്മണ്ട് റാഫേലും സോജയും. മെയ് 13ന് ആശുപത്രിയില്‍ നിന്നും മാതാപിതാക്കള്‍ക്ക് ഫോണ്‍ കോള്‍ വന്നു.. 24കാരനായ മകന്‍ ജോഫ്രെഡ് വര്‍ഗീസ് മരിച്ചെന്ന്. അതേ ആശുപത്രിയില്‍ അപ്പോള്‍ കോവിഡിനോട് പൊരുതുകയായിരുന്നു ജോയുടെ ഇരട്ട സഹോദരനായ റാല്‍ഫ്രെഡ്. ജോ പോയത് റാല്‍ഫ്രെഡിനെ അറിയിക്കാന്‍ മാതാപിതാക്കള്‍ക്ക് ധൈര്യമുണ്ടായില്ല.

'അമ്മ എന്തോ ഒളിക്കുന്നുണ്ട്. എന്തോ സംഭവിച്ചിട്ടുണ്ട്. എന്നോട് പറയാത്തതാണോ' എന്നാണ് ഫോണില്‍ ജോ പോയത് അറിയാതെ റാല്‍ഫ്രെഡ് ചോദിച്ചതെന്ന് ആ അമ്മ പറയുന്നു. ഏതാനും മണിക്കൂറിനുള്ളില്‍ റാല്‍ഫ്രെഡും മരിച്ചു.

മൂന്ന് മിനിട്ടിന്‍റെ വ്യത്യാസത്തിലാണ് അവര്‍ ജനിച്ചത്. കഠിനാധ്വാനികളായിരുന്നു. കുടുംബത്തോട് അത്രയും സ്നേഹമായിരുന്നു ഇരുവര്‍ക്കും. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞങ്ങളുടെ കുടുംബം ഈ കോവിഡ് കാരണം തകര്‍ന്നു എന്നാണ് ആ അമ്മ കണ്ണീരോടെ പറയുന്നത്.

ഏപ്രില്‍ 23നാണ് ജോഫ്രെഡിനും റാല്‍ഫ്രെഡിനും കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമായതോടെ മെയ് 1ന് മീററ്റിലെ ആനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്സിജന്റെ അളവ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. മെയ് 10ന് ഇരുവരും കോവിഡ് നെഗറ്റീവായപ്പോള്‍ ആ മാതാപിതാക്കള്‍ ആശ്വസിച്ചു. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് ജോ മരിച്ചു. റാല്‍ഫ്രെഡിനെയും നഷ്ടമാകുമെന്ന് അന്നേ പേടിച്ചെന്ന് അമ്മ പറഞ്ഞു. കാരണം അവര്‍ ഒന്നാണ്. ഒരാളില്ലാതെ മറ്റേയാള്‍ക്ക് കഴിയില്ല ജീവിക്കാന്‍. അവരെ വേര്‍പിരിക്കാന്‍ ആര്‍ക്കുമാവില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു.

കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക് പാസ്സായ ഇരുവര്‍ക്കും ക്യാമ്പസ് പ്ലേയ്മെന്‍റ് ലഭിച്ചു. ഹൈദരാബാദില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും.

TAGS :

Next Story