Quantcast

ക്രിക്കറ്റിന്‍റെ നഷ്ടം ഇന്ന് രാജ്യത്തിന്‍റെ ഹെല്‍പ്പ്ലൈന്‍; അറിയാം ബി വി ശ്രീനിവാസിനെ..

ഈ കോവിഡ് പ്രതിസന്ധിക്കാലത്തെ ബി വി ശ്രീനിവാസ് എന്ന പ്രതീക്ഷയുടെ ടാഗ് ലൈനെ കുറിച്ച്..

MediaOne Logo

Sithara S

  • Updated:

    2021-05-08 09:21:05.0

Published:

8 May 2021 9:06 AM GMT

ക്രിക്കറ്റിന്‍റെ നഷ്ടം ഇന്ന് രാജ്യത്തിന്‍റെ ഹെല്‍പ്പ്ലൈന്‍; അറിയാം ബി വി ശ്രീനിവാസിനെ..
X

കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തില്‍ ചികിത്സയും പ്രാണവായുവും കിട്ടാതെ ഡല്‍ഹിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ കൈത്താങ്ങായി ഒരാളുണ്ട്- ബി.വി ശ്രീനിവാസ് എന്ന പഴയ ക്രിക്കറ്റര്‍. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നത് മുതൽ ആശുപത്രി കിടക്ക ഉറപ്പാക്കാന്‍ വരെ ശ്രീനിവാസും സംഘവും മുന്‍പിലുണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളാണ് ദിവസവും സഹായം തേടി ശ്രീനിവാസിനെ വിളിക്കുന്നത്. ഒന്നര ലക്ഷത്തോളം പേർ ഇതുവരെ സഹായം അഭ്യര്‍ഥിച്ചെന്ന് ശ്രീനിവാസ് പറഞ്ഞു.

ആരാണ് ബി വി ശ്രീനിവാസ്?

കര്‍ണാടകയുടെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമായിരുന്നു ബി വി ശ്രീനിവാസ്. 2003 വരെ അണ്ടർ 16, അണ്ടർ 19 ടീമില്‍ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായി ശ്രീനിവാസ് കളിച്ചു. 2003ല്‍ പന്ത് കണ്ണിൽ തട്ടി ശ്രീനിവാസിന് ശസ്ത്രക്രിയ വേണ്ടി വന്നു. സുഖം പ്രാപിക്കാന്‍ രണ്ട് വർഷമെടുത്തു. ഇതോടെ ക്രിക്കറ്റ് ജീവിതത്തിന് ഇടവേളയായി.

ബംഗളൂരുവിലെ നാഷണൽ കോളജില്‍ പഠിക്കുമ്പോഴാണ് ശിവമോഗ സ്വദേശിയായ ശ്രീനിവാസ് രാഷ്ട്രീയത്തില്‍ ഇന്നിങ്സ് തുടങ്ങിയത്. ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ശ്രീനിവാസ് മാധ്യമ ശ്രദ്ധയും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രദ്ധയും നേടുന്നത്. 2014ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റും.


ശ്രീനിവാസ്- പ്രതീക്ഷയുടെ ടാഗ് ലൈന്‍

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ശ്വാസം മുട്ടിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകൾക്ക് `കോൾ അല്ലെങ്കിൽ ടാഗ് ശ്രീനിവാസ് ' പ്രതീക്ഷയുടെ ടാഗ്‌ലൈനായി മാറി. കോവിഡ് കാല പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി. 1000 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനാണ് ശ്രീനിവാസ് നേതൃത്വം നല്‍കുന്നത്. അവര്‍ ചെറു സംഘങ്ങളായി സോഷ്യല്‍ മീഡിയയിലെയും പുറത്തെയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായ അഭ്യര്‍ഥനകളോടും ഉടന്‍ പ്രതികരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓക്സിജന്‍ സിലിണ്ടറുകൾ എത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സംഭാവന ഉപയോഗിച്ചാണ് അവ വാങ്ങിയതെന്നും ശ്രീനിവാസ് പറഞ്ഞു.

തന്‍റെ പേര് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്ക് കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും. എന്താണ് ആവശ്യമെന്ന് ചോദിക്കും. ഓക്സിജൻ സിലിണ്ടറാണ് വേണ്ടതെങ്കിൽ അത് എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയില്‍ ചികിത്സയാണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ആശുപത്രിയിൽ ഒഴിവുണ്ടോ എന്ന് പരിശോധിക്കും. ലഭ്യമായ ഇടത്തേക്ക് കോവിഡ് ബാധിതനെ എത്തിക്കും. ആശുപത്രിയിലെത്തിയാലും ചിലർക്ക് ഉടൻ കിടക്ക കിട്ടണമെന്നില്ല. അവർക്ക് ആശുപത്രിക്ക് പുറത്ത് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്ന കാര്യത്തിലും ഈ സംഘം മുന്നിലുണ്ട്. അതോടൊപ്പം ക്വാറന്‍റിലുള്ളവര്‍ക്ക് ഭക്ഷണവുമെത്തിക്കുന്നു. കിടക്കകൾ, വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ – ഇവയുൾപ്പെടുന്ന അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും രോഗികളിൽ പലർക്കും ലഭിക്കുന്നില്ല. കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ അവരിൽ പലരും രക്ഷപ്പെടേണ്ടതാണ്. മരിച്ചുവീഴുന്നവരെ സംസ്കരിക്കാൻ പോലും പലയിടത്തും സ്ഥലമില്ല. കോവിഡ് പ്രതിരോധത്തിനൊപ്പം സംസ്കാരത്തിന് ആവശ്യമായ സഹായം ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘമുണ്ടെന്ന് ശ്രീനിവാസ് പറഞ്ഞു.


പ്രചോദനം രാഹുല്‍ ഗാന്ധി

കോവിഡിന്‍റെ തുടക്കത്തില്‍ ജനങ്ങൾക്കു മാസ്ക് വിതരണം ചെയ്തിരുന്നു. 'മാസ്ക് അപ് ഇന്ത്യ' എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. കഴിഞ്ഞ വര്‍ഷം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികൾക്കു സഹായമെത്തിച്ചു. അവർക്കു ഭക്ഷണവും മരുന്നും ലഭ്യമാക്കി. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് കാര്യങ്ങള്‍ സാധാരണ പോലെ ആയിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി രണ്ടാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരമൊരു ദുരന്തത്തെ നേരിടാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ടീം രൂപീകരിക്കാന്‍ രാഹുലാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ശ്രീനിവാസ് പറയുന്നു. ഈ മുന്നൊരുക്കം കാരണം ഒരുപാട് പേരെ സഹായിക്കാനായി. അതേസമയം തന്നെ ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായനായിപ്പോയ സാഹചര്യങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന മൂന്ന് വയസ്സുകാരന് കോവിഡ് കാലത്തെ ഓക്സിജന്‍ ക്ഷാമം കാരണം സിലിണ്ടര്‍ കിട്ടിയില്ല. താനും കൂടെയുള്ളവരും ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഒരു സിലിണ്ടറിനായി ഓടി. ഒടുവില്‍ സംഘടിപ്പിക്കാനായെന്നും ശ്രീനിവാസ് പറഞ്ഞു.

ശ്രീനിവാസിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്..

ശ്രീനിവാസിന്‍റെ നാട്ടുകാര്‍ക്ക് അദ്ദേഹത്തെ കുറിച്ച് നല്ലതേ പറയാനുള്ളൂ. യൂത്ത് കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ ഏറ്റവും മികച്ച ഭാരവാഹിയായിരുന്നു ശ്രീനിവാസെന്ന് റിസ്വാന്‍ അര്‍ഷാദ് എന്ന നേതാവ് പറഞ്ഞു. 2012ല്‍ 50000 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനിടെ വെള്ളപ്പൊക്കമുണ്ടായി. ആരുടെയും ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രീനിവാസാണ് നേതൃത്വം നല്‍കിയത്. കഴിഞ്ഞയാഴ്ച ന്യൂസിലാന്റ് എംബസിയിലേക്ക് ഓക്സിജൻ ആവശ്യമായി വന്നപ്പോള്‍ അവിടെയും സഹായമെത്തിച്ചതുവരെ എത്തിനില്‍ക്കുന്നു ശ്രീനിവാസിന്‍റെ സേവനങ്ങള്‍..

TAGS :

Next Story