കോവിഡിനിടെ കൊള്ള തുടരുന്നു; ഈ മാസം ഇന്ധന വില കൂട്ടിയത് ഏഴ് തവണ
പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.
രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില.
കൊച്ചിയിൽ പെട്രോളിന് 92.15 രൂപയും ഡീസലിന് 87.08 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 92.46 രൂപയും ഡീസലിന് 87.38 വിലയുമാണ് ഇന്നത്തെ വില. ഈ മാസം ഇന്ധന വില കൂട്ടിയത് ഏഴ് തവണയാണ്.
നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇന്ധനവില വര്‍ധനയ്ക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞതോടെ ദിവസേന വില കൂട്ടുകയാണ്. മെയ് നാല് മുതല്‍ തുടങ്ങിയ വര്‍ധനയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്ന് കുതിക്കുകയാണ്.
രാജ്യത്തെ 130 കോടി ജനങ്ങൾ കോവിഡ് മഹാമാരിയോട് പൊരുതുമ്പോഴും ബി.ജെ.പി സർക്കാർ ഇന്ധന വില വർധിപ്പിച്ച് കൊള്ള തുടരുകയാണെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തീർന്നയുടനെ ഇന്ധന വില വർധിപ്പിച്ചത് ബി.ജെ.പിയുടെ കൊള്ളയുടെ ഭാഗമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും അന്യായമായി വർധിപ്പിച്ച വില ഉടൻ പിൻവലിക്കണം. ജനങ്ങൾക്ക് താങ്ങായി മാറേണ്ട നേരത്ത് സർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
Adjust Story Font
16