2026 വരെ സേവനം തുടരും; പ്രശാന്ത് കിഷോറിന്റെ സംഘത്തിന് കരാർ നീട്ടിനൽകി മമത
ഐ-പാക്കുമായി സഹകരിച്ചു പ്രവർത്തിക്കുമെങ്കിലും സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇനി പ്രശാന്ത് കിഷോറിന്റെ മേല്‍നോട്ടമുണ്ടാകില്ല
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ടീമിന് കരാർ നീട്ടി മമത ബാനർജി. നിയമസഭാ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിനു പിറകെയാണ് പ്രശാന്തിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ(ഐ-പാക്) കരാർ കാലാവധി 2026ലേക്ക് നീട്ടിയത്.
അതേസമയം, പ്രധാന തലച്ചോറായ പ്രശാന്ത് കിഷോറിന്റെ സജീവമായ പങ്കാളിത്തമില്ലാതെയായിരിക്കും ടീമിന് പ്രവർത്തനം തുടരേണ്ടിവരിക. ഇത്തവണ തമിഴ്‌നാട്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം ഡിഎംകെ, തൃണമൂൽ വിജയങ്ങളിൽ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഐ-പാക്കിന്റെ തന്ത്രപരമായ ഇടപെടലുകൾ നിർണായകമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകെ ഈ ജോലി അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടർന്നും ഐ-പാക്കുമായി സഹകരിച്ചു പ്രവർത്തിക്കുമെങ്കിലും സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇനി പ്രശാന്ത് കിഷോറിന്റെ ഇടപെടലുണ്ടാകില്ല. മേഖലയിൽ വലിയ പരിചയവും അനുഭവവുമുള്ള പ്രശാന്തിന്റെ സേവനമില്ലാതെ ഐപാക്കിന്റെ പ്രവർത്തനം എത്രമാത്രം വിജയകരമാകുമെന്നത് നോക്കിക്കാണേണ്ട വിഷയമാണ്. തദ്ദേശം മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തൃണമൂലിനു വേണ്ടി ഐ-പാക്കിന്റെ സേവനമുണ്ടാകുമെന്നാണ് അറിയുന്നത്.
Adjust Story Font
16