മറ്റൊരു ദിവസം, മറ്റൊരു ജീവിതം, മറ്റൊരു ശ്രമം.. ചോദ്യംചെയ്യലില്‍ തളരാതെ 'ഓക്സിജന്‍ മാന്‍'
കോവിഡ് ബാധിതരുടെ ആവശ്യങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുന്ന തിരക്കിലാണ് ഇന്നും ബി വി ശ്രീനിവാസ്..
ഈ കോവിഡ് കാലത്ത് ഓക്സിജനും മരുന്നും ഭക്ഷണവും വെള്ളവും രക്തവും എത്തിച്ച് ജനങ്ങള്‍ക്ക് കൈത്താങ്ങായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ബി.വി ശ്രീനിവാസ്. അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ചോദ്യംചെയ്യുകയുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്‍റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് നടപടിയില്‍ ഭയമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നുനാണ് ശ്രീനിവാസ് ഇന്നലെ പ്രതികരിച്ചത്.
'മറ്റൊരു ദിവസം, മറ്റൊരു ജീവിതം, മറ്റൊരു ശ്രമം'.. ഇന്നലെ പറഞ്ഞതുപോലെ കോവിഡ് ബാധിതരുടെ ആവശ്യങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുന്ന തിരക്കിലാണ് ഇന്നും ബി വി ശ്രീനിവാസ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി പ്ലാസ്മയും വെന്‍റിലേറ്ററും രക്തവും ഭക്ഷണവും ആവശ്യപ്പെട്ട് വന്ന സഹായ അഭ്യര്‍ഥനകളെല്ലാം പരിശോധിച്ച് ഏകോപിപ്പിക്കാനാണ് ബി വി ശ്രീനിവാസ് ഇന്നും ശ്രമിച്ചത്- 'വിശന്നവർക്കു വേണ്ടി നിങ്ങൾ പ്രാർഥിക്കുന്നു. എന്നിട്ട് നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുക. പ്രാർഥന ഇങ്ങനെയാണ് യാഥാര്‍ഥ്യമാകുന്നത്" എന്നും ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
"You pray for the hungry. Then you feed them. This is how prayer works."#SOSIYC pic.twitter.com/MmlEp32yl2
— Srinivas B V (@srinivasiyc) May 15, 2021
ആരാണ് ബി വി ശ്രീനിവാസ്?
കര്‍ണാടകയുടെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമായിരുന്നു ബി വി ശ്രീനിവാസ്. 2003 വരെ അണ്ടർ 16, അണ്ടർ 19 ടീമില്‍ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായി ശ്രീനിവാസ് കളിച്ചു. 2003ല്‍ പന്ത് കണ്ണിൽ തട്ടി ശ്രീനിവാസിന് ശസ്ത്രക്രിയ വേണ്ടി വന്നു. സുഖം പ്രാപിക്കാന്‍ രണ്ട് വർഷമെടുത്തു. ഇതോടെ ക്രിക്കറ്റ് ജീവിതത്തിന് ഇടവേളയായി. ബംഗളൂരുവിലെ നാഷണൽ കോളജില്‍ പഠിക്കുമ്പോഴാണ് ശിവമോഗ സ്വദേശിയായ ശ്രീനിവാസ് രാഷ്ട്രീയത്തില്‍ ഇന്നിങ്സ് തുടങ്ങിയത്. ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ശ്രീനിവാസ് മാധ്യമ ശ്രദ്ധയും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രദ്ധയും നേടുന്നത്. 2014ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റും.
കോള്‍ ഓര്‍ ടാഗ് ശ്രീനിവാസ്
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ശ്വാസം മുട്ടിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകൾക്ക് `കോൾ അല്ലെങ്കിൽ ടാഗ് ശ്രീനിവാസ് ' പ്രതീക്ഷയുടെ ടാഗ്‌ലൈനായി മാറി. കോവിഡ് കാല പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി. 1000 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനാണ് ശ്രീനിവാസ് നേതൃത്വം നല്‍കുന്നത്. അവര്‍ ചെറു സംഘങ്ങളായി സോഷ്യല്‍ മീഡിയയിലെയും പുറത്തെയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായ അഭ്യര്‍ഥനകളോടും ഉടന്‍ പ്രതികരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓക്സിജന്‍ സിലിണ്ടറുകൾ എത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സംഭാവന ഉപയോഗിച്ചാണ് അവ വാങ്ങിയതെന്നും ശ്രീനിവാസ് പറഞ്ഞു.
തന്‍റെ പേര് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്ക് കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും. എന്താണ് ആവശ്യമെന്ന് ചോദിക്കും. ഓക്സിജൻ സിലിണ്ടറാണ് വേണ്ടതെങ്കിൽ അത് എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയില്‍ ചികിത്സയാണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ആശുപത്രിയിൽ ഒഴിവുണ്ടോ എന്ന് പരിശോധിക്കും. ലഭ്യമായ ഇടത്തേക്ക് കോവിഡ് ബാധിതനെ എത്തിക്കും. ആശുപത്രിയിലെത്തിയാലും ചിലർക്ക് ഉടൻ കിടക്ക കിട്ടണമെന്നില്ല. അവർക്ക് ആശുപത്രിക്ക് പുറത്ത് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്ന കാര്യത്തിലും ഈ സംഘം മുന്നിലുണ്ട്. അതോടൊപ്പം ക്വാറന്‍റിലുള്ളവര്‍ക്ക് ഭക്ഷണവുമെത്തിക്കുന്നു. കിടക്കകൾ, വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ – ഇവയുൾപ്പെടുന്ന അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും രോഗികളിൽ പലർക്കും ലഭിക്കുന്നില്ല. കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ അവരിൽ പലരും രക്ഷപ്പെടേണ്ടതാണ്. മരിച്ചുവീഴുന്നവരെ സംസ്കരിക്കാൻ പോലും പലയിടത്തും സ്ഥലമില്ല. കോവിഡ് പ്രതിരോധത്തിനൊപ്പം സംസ്കാരത്തിന് ആവശ്യമായ സഹായം ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘമുണ്ടെന്ന് ശ്രീനിവാസ് പറഞ്ഞു.
'ഞങ്ങളാണ് സോഴ്സ്' ക്യാമ്പെയിന്‍
ബി.വി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എസ്.ഒ.എസ്.ഐ.വൈ.സിയ്ക്ക് 108 രൂപ വീതം നല്‍കുന്നതാണ് ക്യാമ്പെയിന്‍. 'ഞങ്ങളാണ് സോഴ്‌സ്, 108 രൂപ നല്‍കി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നില്‍ക്കാം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം,' എന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പെയിന്‍ തുടങ്ങിയത്. ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തി.
Adjust Story Font
16