രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞേക്കും; പ്രവാസികൾക്ക് താൽക്കാലിക നേട്ടം
ഉയർന്ന മൂല്യം മുന്നിൽ കണ്ട് നാട്ടിലേക്ക് പണമക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയതും യാത്രാവിലക്കും ഇന്ത്യക്ക് തിരിച്ചടിയാകും. വിദേശ കറൻസികൾക്ക് ഉയർന്ന വിനിമയ മൂല്യം ലഭിക്കുന്നത് പ്രവാസികൾക്ക് താൽക്കാലികമായാണെങ്കിലും വലിയ നേട്ടമാകും.
ഇന്ന് പകൽ ഒരു യു.എ.ഇ ദിർഹത്തിന് ഇരുപത് രൂപ 54 പൈസ വരെ നിരക്ക് ഉയർന്നിരുന്നു. ദിർഹത്തിന് 21 രൂപ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം പൊടുന്നനെ അമർച്ച ചെയ്യാൻ സാധിച്ചില്ലെങ്കിൽ മൂല്യം വീണ്ടും ഇടിയുന്ന സാഹചര്യവും രൂപപ്പെടും. ഏതായാലും ഉയർന്ന മൂല്യം മുന്നിൽ കണ്ട് നാട്ടിലേക്ക് പണമക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പണമിടപാടു സ്ഥാപനങ്ങളിൽ പിന്നിട്ട ഏതാനും ദിവസങ്ങളായി നല്ല തിരക്കാണുള്ളത്. ധനകാര്യ സ്ഥാപനങ്ങൾ ദിർഹത്തിന് ഇരുപത് രൂപ നാൽപത് പൈസ വരെ മൂല്യം കണക്കാക്കിയാണ് വിനിമയം തുടരുന്നത്.
രൂപയുടെ ഇടിവ് തടയാൻ റിസർവ് ബാങ്ക് ഇടപെടലുകൾ നടത്താൻ പെട്ടെന്ന് സാധ്യതയില്ലെന്നാണ് സൂചന. കൂടുതൽ സംസ്ഥാനങ്ങൾ ലോക്ഡൗണിലേക്ക് നീങ്ങിയാൽ വിപണിയെ പ്രതികൂലമായി ബാധിക്കും. അത് രൂപയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഡോളറിന്‍റെ ഉണർവും ഇന്ത്യൻ രൂപക്ക് തിരിച്ചടിയായിട്ടുണ്ട്.
റമദാൻ മുൻനിർത്തിയും ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ ഗണ്യമായ വർധനയുണ്ടെന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങൾ അറിയിച്ചു.
Adjust Story Font
16