മഴ ശക്തം; ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മൂന്നാർ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകർന്നു.
മഴ ശക്തമായതോടെ ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്. മൂന്നാർ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകർന്നു. മൂന്നാർ അന്തോണിയാർ കോളനിയിലെ കുടുംബങ്ങളെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ആദ്യം മാറ്റി പാർപ്പിച്ചത്. ഇവിടെ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടി. 50 കുടുംബങ്ങൾ ആണ് ഇവിടെയുള്ളത്. ഇവരെ സമീപത്തെ പള്ളിയുടെ പാരിഷ് ഹാളിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്.
പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞെങ്കിലും നിലവില്‍ ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്, എങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ ഗതാഗതം പൂർണമായി സ്തംഭിക്കും. ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളേജിന് സമീപവും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ദേവിയാര്‍പുഴ, മുതിരപ്പുഴ, കന്നിമല,നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകൾ നിലവിൽ തുറന്നിട്ടുണ്ട്.
Adjust Story Font
16