സഹായ വാഗ്ദാനം; ഫോണിൽ സംസാരിച്ച് മോദിയും ബൈഡനും
സംഭാഷണം ഫലപ്രദം; സഹായത്തിന് നന്ദി രേഖപ്പെടുത്തിയെന്ന് പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് സഹായം വാഗ്ദാനം ചെയ്തതിനു പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സഹായവാഗ്ദാനത്തിന് അമേരിക്കയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫലപ്രദമായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ബൈഡന് നന്ദി പറയുകയും ചെയ്തു-മോദിയുടെ ട്വീറ്റിൽ പറയുന്നു. വാക്‌സിൻ അസംസ്‌കൃത വസ്തുക്കളും മരുന്നുകളും കൃത്യമായി എത്തിക്കുന്നതിന്റെ പ്രാധാന്യം സംഭാഷണത്തിൽ ചർച്ച ചെയ്തതായും മോദി പറഞ്ഞു.
Had a fruitful conversation with @POTUS @JoeBiden today. We discussed the evolving COVID situation in both countries in detail. I thanked President Biden for the support being provided by the United States to India.
— Narendra Modi (@narendramodi) April 26, 2021
കൂടുതൽ കോവിഷീൾഡ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ എത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് അറിയിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ തങ്ങൾക്ക് മരുന്നുകളും മറ്റും ആവശ്യം വന്നപ്പോൾ സഹായിച്ചവരാണ് ഇന്ത്യയെന്നും അതുപോലെ തിരിച്ചും സഹായിക്കുമെന്നും ബൈഡൻ പറഞ്ഞു.
യൂറോപ്യൻ യൂനിയനും ജർമനി, ഫ്രാൻസ് അടക്കമുള്ള വിവിധ ലോകരാജ്യങ്ങളും കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.
Adjust Story Font
16