മുസ്‍ലിം രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയം- വിസ്ഡം സംസ്ഥാന കൗൺസിൽ
'ഭരണവീഴ്ചയും അഴിമതിയും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന അനാവശ്യവേട്ട അവസാനിപ്പിക്കണം.
മലപ്പുറം: മുസ്‍ലിം സമുദായത്തിന്റെ രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് വിസ്‍ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. മുസ്‍ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്ന എല്ലാ വിധത്തിലുള്ള പുരോഗമനങ്ങളെയും സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമർശിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്. പൗരന് ലഭിക്കുന്ന ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നത് പോലും വർഗീയമായും സാമുദായികമായും ചിത്രീകരിക്കുന്നത് പൊറുപ്പിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. 1971ലെ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള മസ്ജിദുകൾ പിടിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പാലിക്കണം.
അധികാര ദുർവിനിയോഗത്തിലൂടെ സംഘടനാ സംവിധാനങ്ങൾ പിടിച്ചടക്കുകയും, ഇസ്‍ലാമിക പ്രമാണങ്ങളെയും വിശ്വാസ ആചാരങ്ങളെയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പാലിക്കണം. മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ചുവിടുന്ന സമീപനമാണ് പല മതസംഘടനകളും സ്വീകരിച്ച് വരുന്നത്. പ്രമാണവിരുദ്ധമായ വീക്ഷണങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയധാരയിലേക്ക് കടത്തിക്കൂട്ടാൻ ഇടക്കാലത്ത് സംഘടനയെ ദുരപയോഗം ചെയ്ത് ഒരു വിഭാഗം ആളുകൾ ശ്രമിച്ചതാണ് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിനു കാരണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
ഭരണവീഴ്ചയും അഴിമതിയും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന അനാവശ്യവേട്ട അവസാനിപ്പിക്കണം. ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണിത്. സമൂഹം ഇതിനെ ഗൗരവമായി കാണണമെന്നും ജനറല്‍ കൗൺസിൽ ആവശ്യപ്പെട്ടു.
ലജ്നത്തുൽ ബുഹൂഥിൽ ഇസ്‍ലാമിയ്യ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, ടി.കെ അശ്റഫ്, നാസിർ ബാലുശ്ശേരി, പ്രൊഫ. ഹാരിസ് ബ്നു സലീം, ഷമീർ മദീനി, കെ. സജ്ജാദ്, ശരീഫ് ഏലാങ്കോട്, മാലിക് സലഫി, ശബീബ് സ്വലാഹി, ടി.കെ നിഷാദ് സലഫി, അർഷദ് താനൂർ, അബൂബക്കർ ഉപ്പള, ജമാൽ മദനി കൊയിലാണ്ടി, അബ്ദുറഹ്മാൻ വയനാട്, എഞ്ചി. അബ്ദുറസാഖ്, ഷാജഹാൻ മഞ്ചേരി, റഷീദ് മാസ്റ്റർ കാരപ്പുറം, വെൽക്കം അബൂബക്കർ, അബ്ദുറശീദ് കൊടക്കാട്, അശ്റഫ് സുല്ലമി, നിസാർ കരുനാഗപ്പള്ളി, ജാബിർ വി. മൂസ, ഡോ. ഷാനവാസ് പറവണ്ണ സംസാരിച്ചു.
Summary: Efforts to portray Muslim political consciousness as communal are condemnable - Wisdom Islamic Organization State General Council
Adjust Story Font
16