Quantcast

'മനു ഭാക്കറിന്റെ പരിശീലനത്തിനായി ചെലവഴിച്ചത് രണ്ട് കോടി': മെഡൽ നേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കേന്ദ്ര കായിക മന്ത്രി

ജർമനിയിലേക്കും സ്വിറ്റ്സർലൻഡിലേക്കും താരത്തെ പരിശീലനത്തിനായി അയച്ചുവെന്നും കായിക മന്ത്രി മാണ്ഡവ്യ

MediaOne Logo

Web Desk

  • Published:

    29 July 2024 11:14 AM GMT

Mansukh Mandaviya
X

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയ ഹരിയാനക്കാരി മനു ഭാക്കറിനെ പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒപ്പം താരത്തിനായി ചെലവഴിച്ച തുകയും അദ്ദേഹം വെളിപ്പെടുത്തി.

മനുവിന്‍റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നും ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും താരത്തെ പരിശീലനത്തിനായി അയച്ചുവെന്നും മാണ്ഡവ്യ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചെലവഴിച്ചത്. പരിശീലനത്തിനായി അവരെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അയച്ചു. അവര്‍ക്ക് ആവശ്യമുള്ള പരിശീലകനെ നിയമിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കി. എല്ലാ കായികതാരങ്ങള്‍ക്കും ഞങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നു. അതുവഴി അവര്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പാരീസ് ഒളിമ്പിക്സിലും നമ്മുടെ അത്ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്''- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

അതേസമയം ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമിട്ട മനു ഭാക്കറിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു. തുടർന്നും രാജ്യത്തിന്റെ യശസ്സുയർത്താൻ മനുവിന് സാധിക്കട്ടെയെന്നു രാഷ്ട്രപതി എക്സിലൂടെ ആശംസിച്ചു. മനുവിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

പാരിസ് ഒളിമ്പിക്സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടം കൂടി താരം സ്വന്തമാക്കി. നേരത്തെ ഒളിംപിക്‌സ് ചരിത്രത്തില്‍ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിട്ടുള്ളത്.

TAGS :

Next Story