വീണ്ടും മനു, വീണ്ടും വെങ്കലം; മനു-സരബ്ജ്യോത് സഖ്യത്തിലൂടെ ഇന്ത്യക്ക് രണ്ടാം മെഡൽ
പാരിസ്: ഷൂട്ടിങ്ങിലൂടെ വീണ്ടും നേടിയ വെങ്കലത്തിളക്കത്തിൽ ഇന്ത്യക്ക് രണ്ടാം ഒളിമ്പിക്സ് മെഡൽ. 10 മീറ്റർ എയർപിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും വെങ്കല മെഡൽ നേടിയ മനുഭാക്കർ ഒരേ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി.
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ ഓയെ ജിൻ-ലീ വുൻഹോ സഖ്യത്തെ 16-10ന് തകർത്താണ് ഇന്ത്യൻ വിജയം. ഇതേ ഇനത്തിൽ തുർക്കിയയും സെർബിയയുമാണ് സ്വർണമെഡലിനായി മത്സരിക്കുന്നത്.
580 പോയൻറുമായാണ് മനു-സരബ്ജ്യോത് കൂട്ടുകെട്ട് വെങ്കല മെഡലിനുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. യെ ജിൻ-ലീ വുൻഹോ സഖ്യം 579 പോയൻറും നേടി. അതേസമയം ഇതേ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച റിഥം സാങ്വാൻ-അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.
Adjust Story Font
16